കൊച്ചി: കൊച്ചി വാട്ടർ മെട്രോ സർവ്വീസ് തുടങ്ങാൻ വൈകുന്നു. നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങുന്നില്ല. കൊച്ചി നഗരത്തിൽ നിന്ന് ദ്വീപ് മേഖലകളിലേക്കുള്ള സർവ്വീസുകളാണ് ബോട്ട് ഇല്ലാത്തതിനാൽ ആരംഭിക്കാത്തത്. നഗരത്തിൽ നിന്ന് ദ്വീപ് ഗ്രാമങ്ങളിലേക്കുള്ള വാട്ടർ മെട്രോ സർവ്വീസുകളാണ് സ്റ്റേഷൻ തയ്യാറായിട്ടും തുടങ്ങാത്തത്. മെയ് മാസത്തിനുള്ളിൽ ഇനി നൽകാനുള്ള 11 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പൽശാലയുടെ പ്രതികരണം.
ആറ് മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാരുമായി വാട്ടർ മെട്രോ ഒൻപത് സ്റ്റേഷനുകൾ തയ്യാറെങ്കിലും സർവ്വീസ് ഉള്ളത് അഞ്ചിടത്ത് മാത്രമാണ്. ചിറ്റൂർ, മുളവുകാട്, ഏലൂർ, ചേരാനെല്ലൂർ സ്റ്റേഷനുകൾ തയ്യാറാണ്. പക്ഷേ ബോട്ട് മാത്രമില്ല എന്നുള്ളതാണ് ശ്രദ്ധേയം.
ഇതിന് ആദ്യ കാരണം കൊവിഡ് ആയിരുന്നു. പിന്നീട് സ്റ്റേഷനുകളുടെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് മാസങ്ങൾ നീണ്ടു. ഒടുവിൽ ഫണ്ടും കിട്ടി സ്റ്റേഷൻ പണിതിട്ട് മാസങ്ങളുമായി. കഴിഞ്ഞ മാസത്തിനുള്ളിൽ 17 ബോട്ടുകൾ എങ്കിലും കൈമാറുമെന്നായിരുന്നു ധാരണ. എന്നാൽ 23 ബോട്ടുകൾക്ക് പകരം ഇതുവരെ കപ്പൽശാല കൈമാറിയത് 12 എണ്ണം മാത്രം. കാത്തിരുന്ന് മടുത്തെന്നാണ് നാട്ടുകാരുടെ പ്രതികരണം.#kochi