കാഞ്ഞങ്ങാട്: നിർത്തിയിട്ടിരുന്ന കാറിൽ നിന്നും മയക്കുമരുന്നുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ കെ.എസ്. ഷാറോൺ (28), ചെറുവത്തൂർ പാടി കാലിലെ പി.എസ്. ഷുറൈഫ് (28), ചെറുവത്തൂർ കൈതക്കാടിലെ ടി.സി. സിറാജ് (28) എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് ഹോസ് ദുർഗ് കടപ്പുറം മീനാപ്പീസിൽ നിന്നുമാണ് മയക്കുമരുന്നുമായി പ്രതികളെ അറസ്റ്റ് ചെയ്തത് 7.3 1 0 ഗ്രാം എം.ഡി.എം.എ കാറിൽനിന്ന് പിടികൂടി. മീനാപ്പീസ് റോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ.
ഇതുവഴി പോവുകയായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് കാറിനടുത്ത് എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങി. പൊലീസ് ഇവരെ തടഞ്ഞു വച്ച് പരിശോധിക്കുന്നതിനെ മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡിവൈ.എസ്.പി എം.പി. വിനോദ്, എസ്.ഐ മാരായ അബൂബക്കർ കല്ലായി, പി.വി. അഖിൽ, കെ.ടി. ഹരിദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജീനീഷ്, സജീഷ്, ഷൈജു, അജയൻ എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.
വിൽപനക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് ഇതെന്നാണ് സൂചന. ഇടവേളക്ക് ശേഷം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വീണ്ടും മയക്കുമരുന്ന് ഇടപാട് സജീവമാവുകയാണ്. കഴിഞ്ഞ ദിവസം പാണത്തൂരിൽ നിന്നും മയക്കുമരുന്നുമായി കൊട്ടിലങ്ങാട് സ്വദേശിയെ പിടികൂടുകയും ഒരാൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.