മൂന്നുമാസത്തിനുള്ളിൽ പ്രശ്നപരിഹാരം എന്ന ധനമന്ത്രിയുടെ ഉറപ്പു കണക്കിലെടുത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ INTUC നടത്തി വന്നിരുന്ന അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. പ്രശ്നപരിഹാരം ആയില്ലെങ്കിൽ ഇന്നേക്ക് 91ആം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്നും സമരക്കാർ വ്യക്തമാക്കി. മിനിമം വേതനം 21,000 രൂപയാക്കുക, അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ 13 ദിവസമായി ഇവർ സമരം നടത്തിവന്നത്.

ധനമന്ത്രി കെ എൻ ബാലഗോപാലുമായി സമര സമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ മിനുട്സ് ഇന്ന് സമരക്കാർക്ക് കൈമാറി. ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മൂന്നു മാസത്തിനുള്ളിൽ അവരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പ്രശ്നപരിഹാരം നടത്തും എന്ന ഉറപ്പിന്മേലുമാണ് സമരക്കാർ സമരത്തിൽ നിന്നും പിൻവാങ്ങിയത്.