തലസ്ഥാന നഗരം നിശ്ചലമാക്കികൊണ്ട് ആശ വർക്കർമാരുടെ സമരം. വിവിധ ജില്ലകളിൽ നിന്നുള്ള ആശ വർക്കർമാർ തലസ്ഥാനത്തേറ്റി സെക്രട്ടേറിയറ്റ് വളഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശീലന പരിപാടികൾ വരെ ബഹിഷ്കരിച്ചാണ് ആശമാർ ഇന്ന് സമര മുഖത്ത് എത്തിച്ചേർന്നിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ ഓരോ കവാടത്തിലും പതിവിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കെ കെ രമ എം എൽ എ, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രംഗത്തെത്തി.

സമരം ആരംഭിച്ചു 36 ദിവസം പിന്നിടുമ്പോഴും സർക്കാർ ചർച്ചയ്ക്കു പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടു സമരത്തിന്റെ ഭാവം മാറ്റാൻ ആശമാർ തീരുമാനിച്ചത്. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ പ്രധാനങ്ങളായ ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്.