അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട ശേഷമായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ സ്മിത്ത് ആയിരുന്നു ഓസീസിൻ്റെ ക്യാപ്റ്റൻ. മികച്ച പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പട്ടികയിൽ തൻ്റെ സാന്നിധ്യം അറിയിച്ച ശേഷമാണ് ഈ വിടവാങ്ങൽ. 35കാരനായ താരം ട്വന്‍റി20, ടെസ്റ്റ് മത്സരങ്ങളിൽ തുടരും.

170 മത്സരങ്ങളിൽ നിന്നായി 5800 റൺസ് സ്മിത്ത് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും നേടിയതോടൊപ്പം ലെഗ് സ്പിന്നർ കൂടിയായ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. മൈക്കൽ ക്ലർക്കിൽ നിന്നും ആസ്ട്രേലിയയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സ്മിത്ത് 64 ഏകദിനങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. 2016ൽ ന്യൂസിലാൻഡിനെതിരെ നേടിയ 164 റൺസാണ് ഉയർന്ന സ്കോർ. മികച്ച ഫീൽഡറായ സ്മിത്ത് 90 ക്യാച്ചുകളും എടുത്തിട്ടുണ്ട്.