മൂവാറ്റുപുഴ: നഗരത്തിൽ ഭിക്ഷാടന നിരോധനം കർശനമാക്കാൻ ഒരുങ്ങി മൂവാറ്റുപുഴ നഗരസഭ. എട്ടുവർഷം മുമ്പ് പട്ടണത്തെ ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിച്ചെങ്കിലും കർശന നടപടിയിലേക്ക് നീങ്ങിയിരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ഭിക്ഷാടന മാഫിയനഗരത്തിൽ സജീവമായതോടെയാണ് നഗരസഭ യാചക സംഘങ്ങളെ നിയന്ത്രിക്കാനൊരുങ്ങുന്നത്. ഇതിനായി പൊലീസ് സഹായവും തേടിയിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാചക സംഘങ്ങൾ വലിയ തോതിൽ നഗരത്തിൽ തമ്പടിച്ചതോടെ നിരീക്ഷണം ശക്തമാക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ഡി.വൈ.എസ്.പി ക്ക് കത്തു നൽകി. വീടുകളിലും സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡുകളിലും ആശുപത്രികളിലും എല്ലാം ഇവരുടെ സാന്നിധ്യം വർധിച്ചതോടെയാണിത്.
കഴിഞ്ഞ നഗരസഭ കൗൺസിലിൽ കൗൺസിലർമാരായ ജാഫർ സാദിഖും കെ.ജി. അനിൽകുമാറും വിഷയം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനത്തിന് എത്തിയ ഇതര സംസ്ഥാനക്കാരിയെ നാട്ടുകാർ തടഞ്ഞു. തുടർന്ന്പൊലീസ് എത്തി ഇവരെ പിടികൂടുകയും ചെയ്തു.
യാചക ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് കർശന നിരീക്ഷണവും നിയന്ത്രണവും ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ പൊലീസിനു കത്തു നൽകിയത്. നഗരത്തിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി.