ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടന രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കും. 4 ജനറൽ സെക്രട്ടറിമാർ, 10 വൈസ് പ്രസിഡന്റുമാർ, 10 സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് സംസ്ഥാന ഭാരവാഹി പട്ടിക. പുതിയ ഭാരവാഹികൾ എത്തുന്നതുവരെ നിലവിലുള്ള ഭാരവാഹികൾ തുടരും. തിരുവനന്തപുരത്തുള്ള കോർ കമ്മിറ്റിയംഗങ്ങൾ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു. നിലവിൽ നിശ്ചയിച്ചിട്ടുള്ള പരിപാടികളിൽ നേതാക്കൾ പങ്കെടുക്കുന്നതിനെക്കുറിച്ചു തീരുമാനമെടുത്തു. സംസ്ഥാന ഓഫിസിന്റെ പ്രവർത്തനത്തിന്റെ ഭാഗമായുള്ള യോഗങ്ങളും ചേർന്നു. നിലവിൽ എം.ടി.രമേശ്, പി.സുധീർ, സി.കൃഷ്ണകുമാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. അതെ പദവിയിലുണ്ടായിരുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായതോടെ ആ ഒഴിവ് നിലവിലുണ്ട്. ഇതിൽ ആരെയൊക്കെ നിലനിർത്തുമെന്നതും പുതിയതായി ആരെ ഉൾപ്പെടുത്തുമെന്നതും രാജീവ് ചന്ദ്രശേഖറിനു വെല്ലുവിളിയാണ്.

സാമുദായിക വോട്ട് ശേഖരണത്തിന്റെ ഭാഗമായി, ശോഭാ സുരേന്ദ്രനെയയും ഷോൺ ജോർജിനെയും ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട് എന്ന വാർത്തകൾ ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. രാജീവ് ചന്ദ്രശേഖർ വന്നതോടുകൂടി എലൈറ്റ്, നായർ വോട്ടുകൾ ഏകീകരിപ്പിനാകും. കൂടാതെ സാങ്കേതിക, വ്യവസായ മേഖലയെ മുൻനിർത്തി പ്രചരണത്തിൽ ശ്രദ്ധിച്ചാൽ ഒരുപക്ഷെ യുവാക്കളുടെ വോട്ടുകളെയും സ്വാധീനിക്കാൻ സാധിക്കും. അതേസമയം ശോഭാ സുരേന്ദ്രൻ കളത്തിലിറങ്ങുന്നതോടെ, എസ്എൻഡിപി വോട്ടുകളും ഷോൺ ജോർജ് കളത്തിലിറങ്ങുന്നതോടെ ക്രൈസ്തവ വോട്ടുകളും സ്വാധീനിക്കാൻ സാധിക്കും .

തലസ്ഥാനത്തുനിന്നു പ്രവർത്തനം ഏകോപിപ്പിക്കാൻ മികവുള്ള ഒരു ജനറൽ സെക്രട്ടറി വേണമെന്ന തീരുമാനമുണ്ട്.ആർഎസ്എസ് നിയോഗിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറി വന്നാൽ ഇതിനു പരിഹാരമാകും. 10 വൈസ് പ്രസിഡന്റുമാരുണ്ടായിരുന്നെങ്കിലും പകുതിപ്പേരും മുൻനിര പ്രവർത്തനത്തിന് എത്തിയില്ലെന്ന പരാതി കെ.സുരേന്ദ്രനുണ്ടായിരുന്നു. ജില്ലാ കമ്മിറ്റികളിൽ പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. ജില്ലാ കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കാനും സംസ്ഥാന പ്രസിഡന്റ് ജില്ലാ നേതൃത്വവുമായി ചർച്ച ചെയ്യേണ്ടിവരും. ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിൽ തന്നെ പരാതി നിലനിൽക്കുന്നുണ്ട്. ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഈ പരാതികൾക്കു പരിഹാരം കണ്ടെത്തേണ്ടിവരും. ആശാവർക്കർമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് 27നു നടത്താനിരുന്ന രാപകൽ ധർണ മാറ്റിവച്ചു.