മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതരുടെ ബാങ്ക് വായ്‌പ്പ എഴുതി തള്ളില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇവരുടെ ബാങ്ക് വായ്‌പ്പ പുനഃക്രമീകരിക്കുമെന്നും ഒരു വർഷത്തെ മൊറൊട്ടോറിയം ഉൾപ്പെടുത്തുമെന്നും കേന്ദ്രം കൂട്ടി ചേർത്തു. ദുരിത ബാധിതർക്ക് വായ്‌പ്പ തിരിച്ചടയ്ക്കാൻ അധിക സമയം നൽകും. ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പ്പയായി കണക്കാക്കും. മൊറൊട്ടോറിയം കാലയളവിലെ പലിശ ഈടാക്കലിനെ ഹൈക്കോടതി വിമർശിച്ചു. ഇക്കാലയളവിൽ പലിശ ഈടാക്കിയാൽ ദുരിത ബാധിതർക്ക് എന്താണ് ഗുണം എന്ന് കോടതി ചോദിച്ചു. എന്നാൽ ഇത് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനമാണെന്ന് കേന്ദ്രം മറുപടി നൽകി.

ദുരന്ത ബാധിതരുടെ അവസ്ഥ ആര് പരിഗണിക്കും? ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയോ എന്നും കോടതി ചോദിച്ചു. വായ്‌പ്പാ എഴുതി തള്ളുന്ന കാര്യത്തിൽ ഒന്നുകൂടെ ആലോചിച്ചു തീരുമാനിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ വായ്പ്പ എഴുതിത്തള്ളില്ല എന്ന നിലപ്പിൽ നിന്നും മാറ്റമില്ല എന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്‍കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും.