കൊച്ചി: കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം പ്രമേയമാക്കിയ മെഗാ ചവിട്ടുനാടകത്തിന് വേൾഡ് ടാലന്റ് റെക്കോർഡ് … കുടുംബശ്രീ പ്രവർത്തകർ കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് മെഗാ ചവിട്ടുനാടകം സംഘടിപ്പിച്ചത്.
എറണാകുളം ദർബാർ ഗ്രൗണ്ടിൽ ചുവടി 2023 എന്ന പേരിലാണ് ചവിട്ടുനാടകം സംഘടിപ്പിച്ചത്. സംസ്ഥാന മിഷൻ ആവിഷ്കരിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിലെ നിന്നും തിരഞ്ഞെടുത്ത 503 കുടുംബശ്രീ അംഗങ്ങളാണ് കലാപ്രകടനം കാഴ്ച്ച വച്ചത്.
ഓൾ ഗിന്നസ് വേൾഡ് റെക്കോഡേർസ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, ടി ആർ ബി ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാ ജെയിൻ എന്നിവർ വിധികർത്താക്കളായി. ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവതരണം.
ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.എം റെജീന, സംഘടന പ്രോഗ്രാം ഓഫീസർ രതീഷ് പീലിക്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനും സംയുക്തമായാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.
Read More:- ടൂറിന് പോകാൻ പൈസ നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു