കായംകുളം: വിവാദങ്ങൾ വിട്ടൊഴിയാത്ത നഗരത്തിലെ സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ഭരണ നേതൃത്വത്തിന് ബാധ്യതയാകുന്നു.
നിർമാണത്തിനായി ഒന്നര പതിറ്റാണ്ട് മുമ്പ് പഴയ കെട്ടിടം പൊളിച്ചത് മുതൽ തുടങ്ങിയ വിവാദങ്ങളാണ് ഒന്നിന് പുറകെ ഒന്നായി ഇന്നും തുടരുന്നത്. അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവുമായി വിജിലൻസിന്റെ കർശന നിരീക്ഷണം വന്നതോടെ അധികൃതരുടെ നെഞ്ചിടിപ്പും കൂടുകയാണ്. കടമുറി സ്വന്തമാക്കാൻ പതിറ്റാണ്ട് കാലം കാത്തിരുന്ന വ്യാപാരികളാകട്ടെ പെരുവഴിയിലും തുടരുന്നു.
2009 ലെ യു.ഡി.എഫ് ഭരണത്തിന്റെ കാലാവധി തീരാറായപ്പോഴാണ് 25 വർഷം പഴക്കമുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നത്. പ്ലാനും എസ്റ്റിമേറ്റും ഇല്ലാതെ തുടങ്ങിയ പദ്ധതിയിൽ കെട്ടിടത്തിന്റെ അടിത്തറ തോണ്ടി മണ്ണ് കടത്തുന്നതിൽ തുടങ്ങിയ വിവാദങ്ങളാണ് പലവിധത്തിൽ ഇപ്പോഴും തുടരുന്നത്.
ബജറ്റിൽ ഒരു രൂപ പോലും വകകൊള്ളിക്കാതെയാണ് അന്ന് പദ്ധതി പ്രഖ്യാപിച്ച് ശിലാസ്ഥാപനം നടത്തിയത്. മുടങ്ങി കിടന്ന പദ്ധതി തുടർന്നുള്ള യു.ഡി.എഫ് ഭരണത്തിന്റെ അവസാനത്തിലാണ് വീണ്ടും രൂപപ്പെടുത്തുന്നത്. 6.4 കോടി രൂപ വായ്പയും 1.2 കോടി നഗരസഭ വിഹിതവും വകയിരുത്തിയപ്പോഴേക്കും അവർ അധികാരത്തിന് പുറത്തുപോയി. തുടർന്നു വന്ന ഇടത് ഭരണസമിതി മൂന്നര വർഷംകൊണ്ട് നിർമാണം പൂർത്തീകരിച്ചു. എന്നാൽ വൈദ്യുതീകരണം അടക്കം പൂർത്തീകരിക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയുമുള്ള ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി വിട്ടു നിന്നത് ചർച്ചയായിരുന്നു.