തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ കോഴിക്കോടാണുള്ളത്. കുസാറ്റ് കാമ്പസ് സ്ഥിതി ചെയ്യുന്ന കളമശേരി മന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രിമാർ അറിയിച്ചു.
ടെക് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നിഖിത ഗാന്ധിയുടെ സംഗീത നിശയ്ക്കിടെയാണ് ദുരന്തം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്,. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ഇവർ മരിച്ചതായാണ് വിവരം അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളോട് സജ്ജമാകാനും മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.