ആധാർ കാർഡും വോട്ടർ ഐ ഡി യും ഇനിയും ബന്ധിപ്പിക്കാത്തവർ അതിനുള്ള കാരണം നേരിട്ടെത്തി അറിയിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാവില്ല എന്നതിന്റെ വിശദീകരണം ഇലക്ട്‌റൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ നൽകണം എന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. 98 കോടി വോട്ടർമാരാണ് നിലവിൽ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ഇതിൽ 66 കോടി പേരുടെ വിവരങ്ങളാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ളത്.

ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ട് എന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ആധാർ-വോട്ടർ ഐ ഡി ബന്ധിപ്പിക്കലും വിവരങ്ങൾ എന്തുകൊണ്ട് നൽകുന്നില്ല എന്നതിന്റെ വിശദീകരണം ശേഖരിക്കലും വീണ്ടും ദ്രുത ഗതിയിലാക്കിയിരിക്കുന്നത്. ആധാറും വോട്ടർഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 326-ാം അനുച്ഛേദ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.