കാസർകോട്: ‘ജയരാജൻ ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ്’; ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ജയരാജൻ ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും ചർച്ച ചെയ്യാനാണ്, അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നാണ് പരിഹാസം. ജയരാജനെ പരിഹസിച്ചു കൊണ്ട് കെ.സുധാകരനും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇപിയുടെ പ്രസ്താവന തമാശയാണ്. രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞതെന്നും സുധാകരൻ പരിഹസിച്ചു.
പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഇ.പി ജയരാജൻ ഇന്നലെ സമ്മതിച്ചിരുന്നു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവഡേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.