കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കണ്ണൂർ ജില്ല പഞ്ചായത്ത് നടപ്പാക്കിയ സ്മാർട്ട് ഐ പദ്ധതി മാതൃകയിൽ സംസ്ഥാനം മുഴുവൻ നടപ്പാക്കാനൊരുങ്ങുന്നു. ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ജോയന്റ് സെക്രട്ടറി ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷൻമാർക്കും ഉദ്യോഗസ്ഥൻമാർക്കും കത്തയച്ചു.
പദ്ധതിക്ക് മികച്ച സ്വീകാര്യതയാണെന്നും വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രദേശവാസികൾ, സ്കൂൾ പി.ടി.എ, എച്ച്.എം.സി തുടങ്ങിയവയുടെ സഹായത്തോടെ കാമറകൾ സ്ഥാപിക്കാമെന്നും സർക്കുലറിൽ പറയുന്നു. കണ്ണൂർ ജില്ല പഞ്ചായത്തുമായി കൂടിയാലോചന നടത്താമെന്നും കത്തിൽ പറയുന്നു.