ബംഗളൂരു: ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീയോട് മഹാഭാരത കാവ്യം ചൊല്ലി ജഡ്ജി..വസ്ത്രമുരിഞ്ഞ് നടത്തിക്കുകയും വൈദ്യുതി തൂണിൽ കെട്ടിയിടപ്പെട്ട് ക്രൂര മർദനത്തിനിരയാകുകയും ചെയ്ത സ്ത്രീയുടെ കേസ് പരിഗണിക്കവെയാണ് കർണാടക ഹൈകോടതി ജഡ്ജി മഹാഭാരത കാവ്യം ചൊല്ലിയത്… . ‘കേൾക്കൂ ദ്രൗപതീ…. ആയുധമെടുക്കൂ, ഇപ്പോൾ ഗോവിന്ദ് വരില്ല’ എന്ന വരികളാണ് ഉദ്ധരിച്ചത്.അടിച്ചമർത്തപ്പെട്ടവരോട് ഉയിർത്തെഴുന്നേൽക്കാനും നീതിക്കുവേണ്ടി പോരാടാനും പലപ്പോഴും രൂപകമായി ഉപയോഗിക്കുന്നതാണ് ഈ കവിത. മഹാഭാരതം സൂചിപ്പിച്ച് ‘ദുര്യോധനന്മാരുടെയും ദുശ്ശാസനന്മാരുടെയും യുഗം’ ആണ് ഇന്നത്തെ കാലഘട്ടമെന്ന് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചു.
ബെലഗാവിയിൽനിന്നുള്ള 42കാരിയുടെ കേസ് പരിഗണിക്കുകയായിരുന്നു ഹൈകോടതി. 18കാരിയേയും കൂട്ടി സ്ത്രീയുടെ 24കാരനായ മകൻ ഗ്രാമത്തിൽനിന്നും ഒളിച്ചോടിയതിനാണ് ഇവർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും യുവാവിന്‍റെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അവിടെയുണ്ടായിരുന്ന യുവാവിന്‍റെ മാതാവിനെ വലിച്ചിഴച്ച് വസ്ത്രമുരിഞ്ഞു. ശേഷം തെരുവിലൂടെ നടത്തിക്കുകയും പിന്നീട് വൈദ്യുതി തൂണിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.സംഭവത്തിൽ കോടതി നിരാശ പ്രകടിപ്പിച്ചു. നിരവധി പേർ ഈ ക്രൂരത കണ്ടുനിന്നു, ആരും ഒന്നും ചെയ്തില്ല. ഈ കൂട്ട ഭീരുത്വമാണ് പരിഹരിക്കേണ്ട. ബ്രിട്ടീഷ് രാജിന്‍റേതല്ല ഇവിടുത്തെ പൊലീസ്. ഗ്രാമത്തിലെ എല്ലാ ജനങ്ങളും അക്രമ സംഭവത്തിന് ഉത്തരവാദികളാണെന്നും കോടതി വിലയിരുത്തി.