വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടപെടൽ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും.

2017 ജനുവരി 7ന് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 4ന് ഇതേ വീട്ടിലാണ് സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാർച്ച് 6ന് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12ന്, കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
തെളിവുകളുടെ അഭാവത്താൽ പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്. കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു.