ഈ വർഷം നടക്കാനിരിക്കുന്ന ഐ സി സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ കേരളത്തിലും നടക്കുമെന്ന് ബി സി സി ഐ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആകെയുള്ള 5 വേദികളിൽ ഒന്നായാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 5 മത്സരങ്ങളെങ്കിലും ഇവിടെ നടക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ആകെ 8 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക.

മത്സരക്രമം അധികം വൈകാതെ തന്നെ രൂപപെടുമെന്നും ഇന്ത്യയുടെ ഉൾപ്പടെയുള്ള മത്സരങ്ങൾക് ആതിഥേയത്വം ലഭിക്കുമോ എന്ന് ശ്രമിക്കുകയാണെന്നും കെ സി എ പറഞ്ഞു. വിശാഖപട്ടണം, ഇൻഡോർ, പഞ്ചാബിലെ മുല്ലൻപൂർ, ഗുവാഹത്തി എന്നിവയാണ് മറ്റു വേദികൾ. നോക് ഔട്ട് മത്സരങ്ങൾ ഉൾപ്പടെ തിരുവനന്തപുരത്ത് അനുവദിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഐ സി സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്റ്റേഡിയം ആയിട്ടുകൂടെ ആദ്യമായാണ് ഒരു ഐ സി സി രാജ്യാന്തര ടൂർണമെന്റിന് ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിക്കപ്പെടുന്നത്. 2023 ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കാണ് ഇതിനു മുമ്പ് തിരുവനന്തപുരം വേദിയായത്.
2 ഏകദിന മത്സരങ്ങൾ ഉൾപ്പടെ ആകെ 6 രാജ്യാന്തര മത്സരങ്ങളാണ് ഇതുവരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്.