ഇന്നലെ സർക്കാരുമായി നടന്ന 2 ചർച്ചകളും പരാജയമായതോടെ സമരം കടുപ്പിക്കാനൊരുങ്ങി ആശ വർക്കർമാർ. ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അവർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 3 ആശമാരാണ് നിരാഹാരമിരിക്കുക. ഇന്ന് രാവിലെ 11 മണി മുതലാണ് സമരം ആരംഭിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കൽ, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആയി വർധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരത്തിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ആശമാർ.

രണ്ടാം ഘട്ട സമയത്തിനു കൂടുതൽ പേർ പിന്തുണയുമായെത്തുമെന്നാണ് നിലവിൽ സമരസമിതിയുടെ കണക്കു കൂട്ടൽ. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണുകയും ആശ വർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.