അതിരപ്പള്ളിയിൽ മസ്തകത്തിന് മുറിവേറ്റ കൊമ്പനെ വനംവകുപ്പ് ശ്രമകരമായ ദൗത്യത്തിനൊടുവിൽ പിടികൂടി. അനിമൽ ആംബുലൻസിൽ കയറ്റിയ കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോയി. അവശനായ കൊമ്പൻ മയക്കുവെടിയേറ്റ ശേഷം തളരുന്നു വീണിരുന്നു. ചെളിനിറഞ്ഞും പുഴുവരിച്ചും നിന്നിരുന്ന മുറിവ് വനം വകുപ്പ് ഡോക്ടമാരും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് വൃത്തിയാക്കി. ശേഷം വിക്രം, കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുംകിയാനകളെ ഉപയോഗിച്ച് പരിക്കേറ്റ ആനയെ ഉയർത്തി അനിമൽ ആംബുലസിലേക്ക് തള്ളി കയറ്റുകയായിരുന്നു.
ആനയെ മയക്കുവെടി വെക്കുന്ന ദൗത്യം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ചു. 6.40 ഓടെ ആനയെ അതിരപ്പള്ളി വെറ്റിലപ്പാറ എസ്റ്റേറ്റിൽ ലൊക്കേറ്റ് ചെയ്തു. തുടർന്ന് ഡോക്ടർ അരുൺ സക്കറിയയും സംഘവും അവിടേയ്ക്ക് എത്തുകയായിരുന്നു. മയക്കുവെടി വെച്ചതിന് പിന്നാലെ ആന തീരെ അവശനായതും ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കാട്ടാന ഒപ്പമുണ്ടായിരുന്നതും ദൗത്യത്തിന് വെല്ലുവിളിയായി. മയക്കുവെടിയേറ്റു വീഴാറായ ആനയെ താങ്ങി നിർത്തുന്ന ഏഴാറ്റുമുഖം ഗണപതി ദൗത്യത്തിനിടയിലെ വൈകാരികമായ നിമിഷങ്ങളിൽ ഒന്നായി. ആന തളരുന്നു വീണതോടെ ഏഴാറ്റുമുഖം ഗണപതി അവിടെ നിന്നും മാറുകയും ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
വെള്ളമൊഴിച്ചു ആനയെ തണുപ്പിച്ചതോടെ മയക്കം വിട്ടു എഴുന്നേറ്റെങ്കിലും അവശനായ ആനയെ കുംകികൾ അനിമൽ ആംബുലൻസിലേക്കു കയറ്റി. കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ വിദഗ്ദ്ധ ചികിത്സ നൽകും.