ഓമശ്ശേരി: ജൽജീവൻ മിഷൻ പ്രവൃത്തി നടത്തിയതിന്റെ പേരിൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനഃപ്രവൃത്തി സംബന്ധിച്ച് അനിശ്ചിതത്വം.
ജലവിതരണത്തിന് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡുകൾ പൊളിച്ചുമാറ്റിയത് ജല അതോറിറ്റിയാണ്. എന്നാൽ അതോറിറ്റിയുമായി ഗ്രാമപഞ്ചായത്ത് എഗ്രിമെന്റ് വെച്ചില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ജല അതോറിറ്റിയുമായി കരാർ ഉണ്ടാക്കിയ ശേഷമേ റോഡുകൾ പൊളിച്ചുമാറ്റാൻ അനുവാദം നൽകാൻ പാടുണ്ടായിരുന്നുളളൂ. എന്നാൽ ഓമശ്ശേരിയിൽ അതു പാലിച്ചില്ല. ജലവിതരണത്തിന് പൈപ്പിടുന്നതിന് പൊളിച്ച റോഡുകളിലെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തേണ്ടത് ജല അതോറിറ്റിയാണ്.
എന്നാൽ ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് വ്യക്തതയില്ല. ജല അതോറിറ്റിയുമായി എഗ്രിമെന്റ് വെക്കാത്തത് മൂലം പദ്ധതി നടത്തിപ്പിനായി പൊളിച്ചുമാറ്റിയ റോഡുകൾ പുനരുദ്ധീകരിക്കുന്നത് ഗ്രാമപഞ്ചായത്തിന് വമ്പിച്ച ബാധ്യതയായേക്കുമെന്ന് ഓഡിറ്റ് വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.