ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് ജെ പി നദ്ദ രാജ്യസഭയിൽ പറഞ്ഞു. സി പി ഐ എം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിനാണ് നദ്ദ മറുപടി നൽകിയത്. ആശമാരുടെ കഠിനാധ്വാനത്തെ കേന്ദ്ര സർക്കാർ വളരെ മതിപ്പോടെയാണ് കാണുന്നത്. അതിനാൽ തന്നെ അവരുടെ വേതനം വർധിപ്പിക്കുന്നതിൽ തടസ്സങ്ങളില്ല. കേരളത്തിൽ ഫണ്ട് വിനിയോഗത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കേരള സർക്കാർ കേന്ദ്രത്തിനു നൽകിയിട്ടില്ല. കേരളത്തിന് ഇനി നല്കാൻ തുക ഒന്നും ബാക്കിയില്ലെന്നും ജെ പി നദ്ദ വ്യക്തമാക്കി.

എന്നാൽ നദ്ദ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു സന്തോഷ് കുമാർ എം പി ആരോപിച്ചു. കേരളത്തിന് 2023-2024 വർഷത്തിൽ 100 കോടി കേന്ദ്രം നല്കാനുണ്ടെന്നും എം പി പറഞ്ഞു. ഇതിന്മേൽ അവകാശലംഘനത്തിനു നോട്ടീസ് നൽകുമെന്നും സന്തോഷ് കുമാർ എം പി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിഷേധിക്കുന്ന ആശ വർക്കർമാർ പറഞ്ഞു. കേരള സർക്കാർ ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ല എന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ തങ്ങളുടെ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.
ആശ വർക്കർമാർക്ക് നീതി ലഭ്യമാകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ നിന്നുള്ള യൂ ഡി എഫ് എം പി മാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.