ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തു നിന്ന് മണൽനീക്കം ആരംഭിച്ചു. വിഴിഞ്ഞത്ത് നിന്നെത്തിച്ച ബാർജറിൽ മണ്ണ് മാന്തി യന്ത്രം സ്ഥാപിച്ചാണ് മണൽ നീക്കുന്നത്. 400 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 6 മീറ്റർ താഴ്ച്ചയിലുമാണ് മണലെടുക്കുന്നത്. മുതലപ്പൊഴി തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ നേരിടുന്ന അപകടങ്ങൾ പരിഹരിക്കാൻ ജൂലൈയിൽ മത്സ്യബന്ധന വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളാണ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നടത്തുന്നത്.
അഴിമുഖത്തുണ്ടായിരുന്ന 700ഓളം കല്ലുകളും 140ഓളം ടെട്രോപോഡുകളും ക്രെയിനുകൾ ഉപയോഗിച്ച് നീക്കം ചെയ്തു. അവശേഷിക്കുന്ന കല്ലുകൾ സമയബന്ധിതമായി മാറ്റും. നീക്കം ചെയ്യുന്ന മണൽ താഴംപള്ളി ഭാഗത്ത് നിക്ഷേപിക്കാനാണ് തീരുമാനിച്ചതെങ്കിലും ബാർജറിൽ മണ്ണുനീക്കുന്നതിനാൽ അതിന് കഴിയാത്ത അവസ്ഥയാണ്. ആധുനിക രീതിയിലുള്ള ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം സുഗമമാക്കണമെന്നും മണൽ താഴമ്പള്ളിയിൽ നിക്ഷേപിക്കണമെന്ന ആവശ്യവും ശക്തമാണ്. മണൽനീക്കത്തിനു ശേഷം മത്സ്യയാനങ്ങൾക്ക് വഴികാട്ടുന്നതിനായി നാവിഗേഷൻ ബൗയ് പൊഴിമുഖത്ത് സ്ഥാപിക്കും. ഈ പ്രവർത്തനങ്ങളെല്ലാം കൊണ്ട് മുതലപ്പൊഴിയിലെ വിഷയങ്ങൾക്ക് താത്കാലിക ശമനങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും സി.ഡബ്ലിയു.പി.ആർ.എസിന്റെ വിദഗ്ദ്ധ സമിതി പഠനത്തിന്റെ നിർദ്ദേശങ്ങൾ കൂടി സമയബന്ധിതമായി നടപ്പിലാക്കിയാൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.