രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറി മേഘ രജ്ഞിത്ത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നു. പരിക്കേറ്റ ശേഷം പാർട്ടിയുടെ അവഗണന മൂലമാണ് ഇത്തരമൊരു തീരുമാനമെന്ന് മേഘയുടെ ഭർത്താവ് രഞ്ജിത്ത് എം ഫൈവ് ന്യൂസിനോട് പറഞ്ഞു. പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു കഴിയുന്ന സഹപ്രവർത്തകയ്ക്ക് ചികിത്സാച്ചെലവിനായി പണപ്പിരിവിലൂടെ എട്ടുലക്ഷം രൂപ നൽകിയെന്ന യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി തനിക്ക് പണം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മേഘ രംഗത്ത് വന്നിരുന്നു. ശേഷം മേഘയെ പാർട്ടി കുറ്റപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട ഒരു നേതാവുപോലും തങ്ങളെ വിളിച്ചില്ലെന്ന് മേഘയുടെ ഭർത്താവ് പ്രതികരിച്ചു.. പാർട്ടിയുടെ ഭാഗത്ത് നിന്നും നിരന്തരം കുറ്റപ്പെടുത്തലുകൾ തുടർന്ന സാഹചര്യത്തിലാണ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്ന സമീപനം സ്വീകരിച്ചത് എന്ന് രഞ്ജിത് പറഞ്ഞു.
സമരത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സഹായിക്കാതെ കൈയൊഴിഞ്ഞെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി മേഘാ രഞ്ജിത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫോൺ വിളിക്കുമ്പോൾ മാത്രം “”ഞങ്ങൾ നോക്കിക്കോളാം” എന്ന് രാഹുൽ പറയുമെന്നും നോട്ടം ഫോൺവിളിയിൽ മാത്രമേയുള്ളൂവെന്നും സഹായിക്കാറില്ലെന്നും മേഘ വാർത്താചാനലിൽ കുറ്റപ്പെടുത്തി. താൻ ജോലി ചെയ്‌താലേ മരുന്ന് വാങ്ങിക്കാൻ പോലും സാധിക്കൂവെന്നും ഐസിഎസ്‌ഇ സിലബസിൽ പഠിച്ചിരുന്ന കുഞ്ഞിനെ സർക്കാർ സ്‌കൂളിൽ ചേർക്കേണ്ട അവസ്ഥയായെന്നും അവർ പറഞ്ഞു. ചികിത്സയ്‌ക്ക് എട്ടുലക്ഷം രൂപ സമാഹരിച്ച് യൂത്ത് കോൺഗ്രസ് കൈമാറിയെന്ന് സംസ്ഥാന വൈസ്‌പ്രസിഡന്റ് അരിത ബാബുവും തുക കിട്ടിയില്ലെന്ന് മേഘയും വ്യകതമാക്കിയതോടെ തട്ടിപ്പ് പുറത്തായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് 2024 ജനുവരി മാസം പതിനഞ്ചാം തീയതി ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ഒരു കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ച മാർച്ചിലായിരുന്നു അപകടമുണ്ടായത്. ശേഷം 2024 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം പാലക്കാട് എംഎൽഎ ആവുകയും ചെയ്തു. ശേഷം നാളിതുവരെയായി രാഹുലിന്റെ ഭാഗത്ത് നിന്നും സഹായമൊന്നും ലഭിച്ചില്ല എന്നാണ് കുചുംബത്തിന്റെ പരാതി.. സംഭവത്തിന് ശേഷം സാമ്പത്തികമായി തകർന്ന മേഘ, മകന്റെ വിദ്യാഭ്യാസം സർക്കാർ സ്കൂളിലേക്ക് മാറ്റേണ്ടതായി വന്നു എന്നും പരാതിപ്പെട്ടു. പാർട്ടിയുടെ ഭാഗത്ത്നിന്നുമുള്ള ഈ അവഗണനയാണ് പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് മേഖയുടെ ഭർത്താവ് പ്രതികരിച്ചത്.