ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും സംവിധാനത്തെയും തള്ളിപറയാതെ വിദേശകാര്യ വകുപ്പ് മന്ത്രി. നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ അത് അംഗീകരിക്കില്ലെന്നും വിലങ്ങുകൾ വെക്കുന്നത് അമേരിക്കൻ നിയമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ആദ്യമായല്ല ഇന്ത്യക്കാരെ അമേരിക്ക പുറത്താക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും അവർ വിലങ്ങു വെച്ചിട്ടില്ലെന്നും ആരോടും മോശമായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും 2009 മുതൽ ഇത് നടക്കാറുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
104 ആളുകളുടെ പുറത്താക്കൽ ഇന്ത്യയുടെ അറിവോടെ തന്നെയാണ്. അവരുടെ പൗരത്വവും മറ്റു വിവരങ്ങളും പരിശോധിച്ച് അറിയിച്ചിട്ട് തന്നെയാണ് അമേരിക്കയിൽ നിന്നും അവരെ ഇന്ത്യയിലേക്ക് നാടുകടത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഭീകരവാദികളോടെന്ന പോലെയാണ് ഇന്ത്യക്കാരോട് അമേരിക്ക പെരുമാറിയതെന്നും ഇന്ത്യൻ സർക്കാർ ഇതിലുള്ള എതിർപ്പ് അറിയിക്കണം എന്നും പ്രതിപക്ഷം വാദിച്ചു.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ട് ആയ ശേഷം നടത്തിയ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കും എന്നത്. അത് ശെരിവച്ച് കൊണ്ട് 205 ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം അമേരിക്കൻ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ച അയച്ചിരുന്നു. എന്നാൽ യു എസ് ബോർഡർ പെട്രോൾ ഫോഴ്സ് പുറത്തു വിട്ട വിഡിയോയിൽ ബന്ദികളെ കൊണ്ടുപോകുന്നത് പോലെ കയ്യിലും കാലിലും വിലങ്ങു വെച്ച് നടത്തുന്നത് കാണാമായിരുന്നു. അമേരിക്കയുടെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം പ്രകടിപ്പിച്ചു.