ക്ഷേത്ര ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ആൾക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി 2 പേർ മരിച്ചു. പേറേറ്റിൽ സ്വദേശിനി രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. വർക്കലയിൽ നിന്നും കവലയൂരിലേക്ക് പോകുന്ന വഴിയാണ് റിക്കവറി വാഹനം നിയന്ത്രണം വിട്ട് ആൾകാർക്കിടയിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനമോടിച്ച കല്ലമ്പലം സ്വദേശി ടോണിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ഒരു ഇരുചക്ര വാഹനത്തിലും മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് ആൾകാർക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയത്. ഗുരുതരമായി പരിക്കേറ്റ 2 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.