വഖഫ് ബിൽ ഭേദഗതി നിയമം ലോക്സഭയിൽ പാസായതോടെ മുനമ്പം നിവാസികളുടെ ആഹ്ലാദപ്രകടനം. സമരക്കാർ നിരത്തിലിറങ്ങി പടക്കം പൊട്ടിച്ചും കേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചും ആഘോഷിച്ചു. ബിജെപി അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി. സമരപന്തലിൽ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം ആ പ്രദേശം ചുറ്റി സമരപന്തലിൽ തന്നെ അവസാനിച്ചു. തങ്ങളെ ചതിക്കാൻ നോക്കിയവർക്കുള്ള തിരിച്ചടിയാണ് ലോക്സഭയിൽ നടന്നതെന്നും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ഇവർക്കു അനുകൂലമായി തീരുമാനം എടുത്തു എന്നും സമരക്കാർ പറഞ്ഞു.

കേന്ദ്രം കൊണ്ടുവന്ന ഭേദഗതി ബിൽ മാത്രമായിരുന്നു തങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ. ഹൈബി ഈഡൻ അടക്കമുള്ള എം പിമാർ വഞ്ചിച്ചു. അവർ ഡൽഹിയിൽ നിന്നും വരുമ്പോൾ കൊടുക്കാൻ ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട്. ഞങ്ങൾ രാഷ്ട്രീയമായി പ്രതികരിക്കും എന്നും മുനമ്പത്തെ സമരക്കാർ പറഞ്ഞു.