കൊല്ലത്ത് വെച്ച നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം പാർട്ടി ആസ്ഥാനമായ എ കെ ജി സെന്ററിൽ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് നടക്കും. മധുരയിൽ വെച്ച് നടക്കാനിരിക്കുന്ന 24ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയ്‌ക്കാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. സംസ്ഥാന സമ്മേളനത്തിൽ തെരെഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വിഭാഗീയത തുടച്ചു നീക്കിയ സമ്മേളനം എന്ന് പറയുമ്പോളും മുതിർന്ന നേതാക്കളുടെ അതൃപ്തി ഇപ്പോഴും പരിഹരിക്കാനായിട്ടില്ല.

വീണ ജോർജിനെ സംസ്ഥാന കമ്മറ്റി ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതികരണം നടത്തിയ എ പദ്മകുമാറിനെതിരെയുള്ള നടപടികളെ കുറിച്ചും ഇന്ന് ചർച്ചയുണ്ടാകും. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പദ്മകുമാറിനെ വസതിയിലെത്തി കണ്ടു അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. തീരുമാനം സംസ്ഥാന കമ്മിറ്റി നിശ്ചയിക്കും എന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം രാജു എബ്രഹാം പറഞ്ഞത്.