നീലേശ്വരം: നഗരസഭയുടെ പുതിയ ബഹുനില ഓഫിസ് സമുച്ചയം ഫെബ്രുവരി 26ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉൽഘാടനം ചെയ്യും. സംഘാടകസമിതി യോഗം ഫെബ്രുവരി 15ന് വൈകീട്ട് നാലിന് വ്യാപാരഭവൻ ഹാളിൽ നടക്കും.
നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയിൽ 30,000 ചതുരശ്രയടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവിൽ മൂന്നുനില മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. 78 ലക്ഷം രൂപ ചെലവിൽ ഫർണിച്ചർ സൗകര്യമൊരുക്കും.ൃ
ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവർത്തനവും ഫ്രണ്ട് ഓഫിസ് സംവിധാനവും. കൗൺസിൽ ഹാളിന് പുറമെ മറ്റ് യോഗങ്ങൾ ചേരുന്നതിനായി 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും സ്ത്രീകൾക്കുള്ള പ്രത്യേക വിശ്രമമുറിയും ഫീഡിങ് സെന്ററും ഒരുക്കിയിട്ടുണ്ട്.
കൃഷിഭവൻ, കുടുംബശ്രീ ഓഫിസുകൾ കൂടി ഇവിടെ പ്രവർത്തിച്ചുതുടങ്ങുന്നതോടെ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും. ട്രഷറി ജങ്ഷനിൽനിന്ന് പുതിയ ഓഫിസ് സമുച്ചയം വരെ ഇന്റർലോക്ക് പാകിയ റോഡും നിർമിച്ചിട്ടുണ്ട്.