ഒരു മാസം നോമ്പ് നോറ്റ് കാത്തിരുന്നതാണീ പെരുന്നാള്‍. വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനംകൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെയും സന്തോഷ പ്രഖ്യാപന ആഘോഷമാണ് ഇദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം. സമഭാവനയെ എല്ലാ അര്‍ത്ഥത്തിലും വിളംബരം ചെയ്ത റമാസാനിലെ വിശുദ്ധ രാപകലുകളെ ധന്യമാക്കിയതിന്റെ ആഹ്ലാദം നാഥനുളള സ്തുതികളുയരുന്ന ആനന്ദത്തിന്റെ ഇരപകലുകളാണിന്ന്. മതിമറന്നാഘോഷിക്കാനല്ല, മതബന്ധമായ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കലുകളാണ് കരണീയം. ജാതി മത വര്‍ഗ വര്‍ണ അതിരുകള്‍ ഭേദിച്ച് മൈത്രി പൂത്തുലയണം. സമ്പൂര്‍ണമായ സന്തോഷമാണ് അല്ലാഹു വിശ്വാസികള്‍ക്ക് കനിഞ്ഞേകിയത്. ആരാധനകള്‍ നിര്‍വഹിച്ചും അവന്റെ കല്‍പനകള്‍ പാലിച്ചും മനുഷ്യനെ എല്ലാം മറന്ന് ആലിംഗനം ചെയ്തുമാണ് സന്തോഷം പ്രകടിപ്പിക്കേണ്ടത്. വിശ്വാസിയുടെ ആഹ്ലാദപ്രകടനവും അല്ലാഹുവിന്റെ പ്രീതിയിലാവണം. നാഥന്‍ എല്ലാത്തിനും പ്രതിഫലമൊരുക്കിയിരിക്കുന്നു.

വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധര്‍മ്മങ്ങളിലൂടെ ലഘൂകരിച്ചും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ക്കുന്ന സാമൂഹിക വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. പെരുന്നാള്‍ ദിനത്തില്‍ ആരും വിശന്നിരിക്കരുത്. എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്ന് വ്രതം അനുവദനീയമല്ല. ഒരു മാസത്തെ വ്രതത്തെ പൂര്‍ണ്ണതയില്‍ സ്വീകരിക്കപ്പെടാന്‍ നാട്ടിലെ മുഖ്യാഹാരം (ഫിത്വര്‍ സകാത്ത്) നിശ്ചിത അളവില്‍ കുറയാതെ അര്‍ഹര്‍ക്ക് എത്തിച്ച് നല്‍കണമെന്ന് അനുബന്ധമായി ചേര്‍ത്തു വെച്ചത് സമഭാവനയെ അടിവരയിട്ട് ഓര്‍മ്മിക്കാന്‍ കൂടിയാണ്. ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിച്ച്, പ്രാര്‍ത്ഥിച്ച് ഒരു മാസം കാത്തിരുന്ന് വന്നെത്തിയ സുദിനത്തിന് ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ കദ്്‌റിന്റെ ധന്യതയുടെ ഖല്‍ബാണുളളത്.

അവിടെ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരികള്‍ക്കോ അധാര്‍മ്മികതകള്‍ക്കോ സ്ഥാനമില്ലെന്നു മാത്രമല്ല, അത്തരം സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ജാഗ്രതയോടെ പ്രതിജ്ഞ പുതുക്കുകയും വേണം. നാഥന്റെ മാത്രം അടിമയും കീഴ്‌പെടേണ്ടവനുമായ മനുഷ്യനെ വിവേക ബുദ്ധി പറിച്ചെടുത്ത് മദ്യത്തിനും മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിപ്പെടുത്തി ചൂഷണം ചെയ്യുന്ന മഹാവിപത്തിനെതിരെ പൊരുതേണ്ട സമയമാണിത്. മതത്തിനോ ജാതിക്കോ വിഭാഗീയതക്കോ ലഹരിയുമായി ബന്ധമില്ല. ലഹരി വ്യക്തിയെയും കുടുംബത്തെയും നാടിനെയും രാജ്യത്തെയുമാകെ നശിപ്പിക്കുന്ന അരാജകത്വത്തിലേക്ക് തള്ളിവിടുന്ന കൊടും വിഷമാണ്. താല്‍ക്കാലികാസ്വാദനത്തിനായി ആ ദൂഷിത വലയത്തിലകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സന്മാര്‍ഗത്തില്‍ ചേര്‍ത്തു നിര്‍ത്താനും വിശ്വാസികള്‍ക്കും വിശിഷ്യാ മഹല്ലു സംവിധാനങ്ങള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെല്ലാം ബാധ്യതയുണ്ട്.
മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങള്‍ കാണുന്ന ഭരണകൂടങ്ങള്‍ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം ലഹരിമുക്ത രാജ്യമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കാനും പരിശ്രമിക്കണം. സര്‍വവും സ്രഷ്ടാവിലേക്ക് സമര്‍പ്പിച്ച്, കളങ്കരഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂര്‍ത്തീകരണ വേളയില്‍ ലോകനന്മക്കും സമാധാനത്തും നിലകൊള്ളുകയും മര്‍ദ്ദിതരോട് ഐക്യപ്പെടുകയും വേണം. ദുരിത ജീവിതം നയിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും ആഘോഷത്തിന്റെ പൂര്‍ണതയിലേക്ക് എല്ലാവരെയും ചേര്‍ത്തു നിര്‍ത്താനും പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം ശ്രദ്ധയൂന്നണം.
കഴിഞ്ഞ പെരുന്നാളിന് സന്തോഷ തഖ്ബീര്‍ മുഴക്കിയ മുണ്ടക്കൈയില്‍ ഇത്തവണ കണ്ണീര്‍ നനവുള്ള ഈദാണ്. ഒരു ഗ്രാമം ഒന്നാകെ നമുക്ക് കൈമോശം വന്നു. അവിടെ ബാക്കിയായവരുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കാനും അവരെ പുനരധിവസിപ്പിക്കാനും നമ്മള്‍ ഒന്നിച്ച് കൈകോര്‍ക്കുകയാണ്. തീമഴ പെയ്യുന്ന ഫലസ്തീനിലെയും യുക്രെയ്‌നിലെയും സിറിയയിലെയുമെല്ലാം കുരുന്നുകളും സ്ത്രീകളും പ്രായമായവരുമായ ഹതഭാഗ്യരായ മനുഷ്യരുടെ നെടുവീര്‍പ്പുകളും ഞരക്കങ്ങളും തേങ്ങലുകളും നമ്മുടെ കണ്ണീര്‍ നനവുള്ള പ്രാര്‍ത്ഥനകളാവണം. അത്തരം ചോരക്കൊതിയന്മാര്‍ക്കെതിരെ സന്ധിയില്ലാ നിലപാടുകളുടെ പ്ര്ഖ്യാപനം പുതുക്കണം. ലോകമേ, എല്ലാ മനുഷ്യരും ഒരാണിന്റെയും പെണ്ണിന്റെ സന്തതികളാണെന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ഉച്ചത്തില്‍ ഉദ്‌ഘോഷിക്കണം. അപര വിദ്വേഷ മുക്തമായ മനസ്സിന് പതര്‍ച്ചയില്ലാത്ത സ്ഫുടം ചെയ്യപ്പെട്ട ഈമാനാണ് കൈമുതലാകേണ്ടത്. റമസാനില്‍ സ്ഫുടം ചെയ്യപ്പെട്ട ഹൃദയത്തിന്റെ നൈര്‍മല്ല്യവും വിശുദ്ധിയും ഒരാണ്ടിലേക്കുള്ള കൈമുതലാക്കുമെന്ന ഉറപ്പാണ് വേണ്ടത്.
പെരുന്നാള്‍ നമസ്‌കാരവും ഫിത്വര്‍ സകാത്തുമാണ് ഈദുല്‍ ഫിത്വര്‍ ദിനത്തിന്റെ മുഖ്യ കര്‍മ്മങ്ങള്‍. അത്തറ് പൂശി, പുതിയ വസ്ത്രങ്ങള്‍ ധരിച്ച് തഖ്ബീര്‍ ധ്വനികളോടെ പള്ളിയിലേക്ക് പോകുന്നതും ബന്ധങ്ങള്‍ കൂട്ടിയിണക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമെല്ലാമാണ് പെരുന്നാളിന്റെ പൊലിമ. സ്വന്തത്തിലേക്ക് മാത്രം ചുരുങ്ങുന്നതിന് പകരം സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്താകമാനുള്ള മാനവരാശിയുടെയും ക്ഷേമവും സന്തോഷവുമാണ് തേട്ടമാവേണ്ടത്. വിദ്വേഷ രഹിതവും സഹവര്‍തിത്വ സമഭാവനയും മാനവ രാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന പെരുന്നാള്‍, കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ സ്വത്വപ്രഖ്യാപനമാണ്. സഹന തീക്ഷ്ണതയുടെ സുകൃത ദിനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് പെരുന്നാളിന്റെ പൊന്നമ്പിളിപ്രഭ വാനില്‍ തെളിഞ്ഞതോടെ ആഘോഷപ്പെരുമ്പറ മനസ്സലികെ തെളിഞ്ഞു കത്തുയാണ്. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍.