അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്രത്തിന്റെ നിലപാട് അസാധാരണവും അപലപനീയവുമാണെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്രം കൈകൊണ്ടത് ഒരു തെറ്റായ കീഴ്വഴക്കമാണ്. ‘ഡിനൈഡ്’ എന്ന് ഒറ്റ വാക്കിലുള്ള ഒരു മറുപടി അല്ലാതെ എന്താണ് കാരണം എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ സമ്മേളനത്തിലെ ഒരു സെഷനിൽ ഒരു പേപ്പർ അവതരിക്കാൻ തനിക്കും വ്യവസായ വകുപ്പ് ഡയറക്ടർക്കും സെക്രട്ടറിക്കും അവസരം ലഭിച്ചിരുന്നു. ഈ ക്ഷണം സംസ്ഥാനത്തിന് ആഗോളതലത്തിൽ കിട്ടുന്ന അംഗീകാരമാണ്. ഇതിനാണ് കേന്ദ്ര സർക്കാർ തടസ്സം നിൽക്കുന്നത്. ഓൺലൈനായും പേപ്പർ അവതരിപ്പിക്കാൻ സാധിക്കുന്നതാണ്. അതിനുള്ള അനുമതി ഇപ്പോൾ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തനിക്ക് അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്രത്തിന്റെ പ്രതിനിധിക്ക് മാത്രം അനുമതി നൽകി. 2 ദിവസത്തെ യാത്രയിൽ 152 രാജ്യങ്ങളുടെ മുന്നിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരമാണ് നഷ്ടമായത്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.