ബിജെപിയുടെ മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന ഓഫീസിന് മുന്നിലും വീടിന് മുന്നിലും ബിജെപി പ്രതികരണ വേദിയുടെ പോസ്റ്റർ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടിയും ഇ ഡിയും വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ പരാജയപ്പെടാൻ കാരണമായ വി വി രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററുകൾ ആവശ്യപ്പെടുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖർ പാർട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതാണ് ശ്രദ്ധേയമായ കാര്യം. പോസ്റ്റർ പ്രതിഷേധം, പോസ്റ്റർ യുദ്ധം എന്നിവയിൽ പൊതുവേ ഇംഗ്ലീഷ് പോസ്റ്ററുകൾ കാണാറില്ല. രാജീവ് ചന്ദ്രശേഖറിന് കാര്യങ്ങള്‍ ബോധ്യമാകാനാണ് ഇംഗ്ലീഷിലും പോസ്റ്റർ പതിച്ചതെന്നാണ് നിഗമനം. പ്രസിഡന്റ് ആയതിന് ശേഷം ബിജെപിയിൽ തമ്മിൽ പോരോ ഗ്രൂപ്പുകളോ ഇല്ലെന്നുള്ള ബിജെപി വാദം ഇതോടെ പൊളിഞ്ഞു.

ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന ആരോപണങ്ങളില്‍ പാർട്ടി പ്രതികരിക്കുമെന്ന് വി വി രാജേഷ് ഗുരുവായൂരില്‍ പ്രതികരിച്ചു. പാർട്ടി അധ്യക്ഷനുമായി ആലോചിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേഷ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് വി വി രാജേഷ് പരാതി നല്‍കിയിട്ടുണ്ട്.