നിർമാതാക്കൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെയും കോടികൾ വരുന്ന നഷ്ട്ടത്തെയും അഭിനേതാക്കൾ അമിതമായി പണം ആവശ്യപെടുന്നു എന്നെല്ലാമുള്ള വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമാതാവും നടനുമായ സുരേഷ് കുമാർ രംഗത്ത് വന്നിരുന്നു. പല നിർമാതാക്കളും ഇന്ന് കടത്തിലും ജപ്തിയുടെ വക്കിലുമൊക്കെയാണെന്നും അമിതമായി പ്രതിഫലം വാങ്ങുമ്പോളും തിരികെ നിർമാതാവിന് അത്രയും തുക ലഭിക്കുന്നില്ല എന്നെല്ലാമുള്ള വാദങ്ങൾ സുരേഷ് കുമാർ ഉയർത്തിയിരുന്നു. സിനിമ താരങ്ങൾ സിനിമ നിർമിക്കുക കീഴ്വഴക്കവും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് പല സിനിമാസംഘടനകളും ജൂൺ 1 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സുരേഷ് കുമാർ പറഞ്ഞു. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ അവർ എത്ര തുക വാങ്ങുന്നു എന്ന് പൊതുമധ്യത്തിൽ വെളിപ്പെടുത്തുമെന്നുള്ള ഭീഷണിയും സുരേഷ് കുമാറിന്റെ വാക്കുകളിൽ നിഴലിച്ചു.

സുരേഷ് കുമാറിനെതിരെ ആഞ്ഞടിച്ചു കൊണ്ട് സിനിമ നടൻ വിനായകൻ രംഗത്തുവന്നിരുന്നു. സിനിമ താരങ്ങൾ സിനിമകൾ നിർമിച്ചാൽ എന്താണ് കുഴപ്പമെന്നും സിനിമയിൽ തനിക് ഉചിതമെന്നു തോന്നുന്ന എന്ത് ജോലിയും ചെയ്യുമെന്നും വിനായകൻ പറഞ്ഞു. സിനിമയും നിർമാണവും ആരുടേയും കുടുംബ സ്വത്തോ അവകാശമോ അല്ല. അങ്ങനെയെങ്കിൽ സ്വന്തം ഭാര്യയോടും മക്കളോടും സിനിമ നിർമിക്കരുത് എന്ന് പറയൂ എന്നാണ് വിനായകൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇപ്പോൾ നിർമാതാവായ ആന്റണി പെരുമ്പാവൂർ സുരേഷ് കുമാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

“കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.” എന്ന് തുടങ്ങി സിനിമ മേഖല പെട്ടെന്ന് ഒരു ദിവസം മുതൽ സ്തംഭിച്ചു പോയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമെല്ലാം ആന്റണി പെരുമ്പാവൂർ പറയുന്നുണ്ട്. “സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്‌ളബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തീയറ്ററില്‍ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്‍മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡ്ഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്‍മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്. ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല.” ഇങ്ങനെയെല്ലാമുള്ള കാരണങ്ങൾ നിരത്തി വെച്ചുകൊണ്ട് താൻ ഈ സമരത്തിന്റെ ഭാഗമായിരിക്കില്ല എന്നും ആന്റണി തുറന്നു പറയുന്നു.
ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റ് “എല്ലാം ഓക്കേ അല്ലെ അണ്ണാ?” എന്ന ക്യാപ്ഷനോടെ ഷെയർ ചെയ്തു. നൂറുകണക്കിന് ആൾക്കാരാണ് ആന്റണിക്കും പ്രിത്വിരാജിനും പിന്തുണയുമായി കമന്റ് ബോക്സ് നിറയ്ക്കുന്നത്. ഉണ്ണി മുകുന്ദൻ, അജു വര്ഗീസ് എന്നിവരും ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഐക്യദാർഥ്യം പ്രകടിപ്പിച്ചു.