കോഴിക്കോട്: സമസ്തയുടെ 100ാം വാർഷികം ഉദ്ഘാടന സമ്മേളനം 2024 ജനുവരി 28ന് ബംഗളൂരുവിൽ വച്ച് നടക്കും .ആദർശ വിശുദ്ധിയോടെ ശതാബ്ദി പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ കൂടുതൽ വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം
2016ൽ ആലപ്പുഴയിൽ നടന്ന 90ാം വാർഷിക മഹാ സമ്മേളനത്തിൽ വച്ചായിരുന്നു സമസ്ത100ാം വാർഷികം 2026ൽ ഫെബ്രുവരിയിൽ നടത്തുമെന്ന പ്രഖ്യാപനം. രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന സമ്മേളനമാണ് ജനുവരി 28ന് ബംഗളൂരുവിൽ വച്ച് നടക്കുന്നത്. സ്വാഗതസംഘം രൂപീകരണം അടുത്താഴ്ച ബംഗളൂരുവിൽ വച്ച് നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ ഇസ്‌ലാമിന് നിരക്കാത്തതും പരിശുദ്ധ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധവുമായ യാതൊന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും മേലിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി.
സമസ്തയുടെയും പോഷകസംഘടനകളുടെയും ഔദ്യോഗിക പദവിയിലിരിക്കുന്നവർ ബിദഈ പ്രസ്ഥാനക്കാരുടെ പരിപാടികളിൽ സംബന്ധിച്ചാൽ അവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.