പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് വേണ്ടി കേരളം മുഴുവൻ ബിജെപി എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എം പി. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വേദിയിൽ വെച്ചാണ് എം പി യുടെ പരാമർശം. ഈ മാറ്റത്തോടെ ഒരു സൈദ്ധാന്തിക മുന്നേറ്റത്തിന് ബിജെപി തയ്യാറായിരിക്കുന്നുവെന്നും അതിനുള്ള ബാറ്റൺ സുരേന്ദ്രൻ രാജീവിന് കൈമാറിയിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ പ്രഹ്ലാദ് ജോഷിയാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപി കേരള സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 5 വർഷം അധ്യക്ഷ പദവിയിലിരുന്ന സുരേന്ദ്രന് പകരമായാണ് രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദേശത്തിൽ നിയമിച്ചത്. ആധുനിക കാലത്തു പാർട്ടിയെ നയിക്കാൻ കെല്പുള്ള നേതാവ് തന്നെയാണ് രാജീവെന്നും അയാളുടെ കഴിവിനെ ആരും കുറച്ചു കാണേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.