ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി തൻ്റെ പിതാവിനെക്കുറിച്ചെഴുതിയ പുസ്തകം ഇപ്പോൾ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഈ പുസ്തകത്തിൽ തൻ്റെ പിതാവിനെ സംബന്ധിച്ച് ശർമ്മിഷ്ഠ നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. 2013ൽ രാഹുൽ ഗാന്ധി ഓർഡിനൻസിൻ്റെ പകർപ്പ് കീറിക്കളഞ്ഞ സംഭവം പ്രണബിനെ ഞെട്ടിച്ചുവെന്ന് ശർമ്മിഷ്ഠ പുസ്തകത്തിൽ പറയുന്നു. ഗാന്ധി-നെഹ്‌റു കുടുംബത്തിൽ പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധിതന്നോടു പറഞ്ഞതായി പ്രണബ് മുഖർജി വെളിപ്പെടുത്തിയിരുന്നെന്നും ശർമ്മിഷ്ഠ പുസ്തകത്തിൽ പറയുന്നുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ശവപ്പെട്ടിയിൽ അടിച്ച അവസാനത്തെ ആണിയായിരുന്നു ഇതെന്നാണ് പുസ്തകത്തിലൂടെ ശർമ്മിഷ്ഠ ചൂണ്ടിക്കാട്ടുന്നത്.
ഒരിക്കൽ രാഹുൽ പ്രണബ് മുഖർജിയെ കാണാൻ അതിരാവിലെ വന്നിരുന്നു. ആ സമയം പ്രമണബ് മുഗൾ ഗാർഡനിൽ (ഇപ്പോൾ അമൃത് ഉദ്യാൻ) പ്രഭാത നടത്തത്തിലായിരുന്നു. പ്രഭാതസവാരിക്കിടയിലും പൂജയ്ക്കിടയിലും ഒരുതരത്തിലുള്ള ശല്യവും ഇഷ്ടപ്പെടാത്ത ആളാണ് പ്രണബ് മുഖർജി. എന്നിട്ടും രാഹുൽ ഗാന്ധിയെ കാണാൻ തീരുമാനിക്കുകയായിരുന്നു. യഥാർത്ഥത്തിൽ വൈകുന്നേരമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൂടിക്കാഴ്ച രാവിലെ മതിയെന്ന് രാഹുലിൻ്റെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് താൻ അച്ഛനോട് ചോദിച്ചിരുന്നുവെന്ന് ശർമിഷ്ഠ പുസ്തകത്തിൽ വ്യക്തമാക്കുന്നു. `രാഹുലിൻ്റെ ഓഫീസിന് ‘എഎം’ എന്താണെന്നും ‘പിഎം’ എന്താണെന്നും വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഭാവിയിൽ അദ്ദേഹം പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) എങ്ങനെയാണ് കെെകാര്യം ചെയ്യുന്നതെന്നാണ് അതിനുത്തരമായി പരിഹാസത്തോടെ അച്ഛൻ പറഞ്ഞതെന്നും ശർമിഷ്ഠ വെളിപ്പെടുത്തുന്നു.