വൻ വിലക്കുറവിൽ കിട്ടുന്ന ചൈനീസ് സ്മാർട്ട് വാച്ചുകൾ വാങ്ങി കൈയിൽ കെട്ടുമ്പോൾ സൂക്ഷിക്കുക, നമ്മുടെ ആരോഗ്യ വിവരങ്ങൾ ചോർത്തുന്നുണ്ടാകാം. ഈ വിവരങ്ങൾ കോടികൾക്ക് ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിൽക്കും. ഇതുപയോഗിച്ച് ഇന്ത്യക്കാരുടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തി പുതിയ മരുന്നുകൾ ഇവിടേക്ക് എത്തിക്കും. മലേഷ്യ, നൈജീരിയ എന്നിവിടങ്ങളിലേക്കും വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ലോകോത്തര ആന്റിവൈറസ് കമ്പനിയായ കാൻസ്പെർസ്കൈ പറയുന്നു.
ശരീരത്തിൽ ധരിക്കുന്ന ഉപകരണങ്ങളിലൂടെ തത്സമയവിവരങ്ങൾ ശേഖരിക്കുന്ന വെയറബിൾ ടെക്നോളജിയാണ് സ്മാർട്ട് വാച്ചുകളിൽ ഉപയോഗിക്കുന്നത്. വാച്ച് കമ്പനിയുടെ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ഇ മെയിലിലൂടെ സൈൻ ഇൻ ചെയ്യുമ്പോഴാണ് സ്മാർട്ട് വാച്ചുകൾ പ്രവർത്തിച്ചു തുടങ്ങുക. ഈ ആപ്പിലൂടെയാണ് വിവരങ്ങൾ ചോർത്തുന്നത്.
വാച്ച് ഓൺ ആയിരിക്കുമ്പോഴെല്ലാം ഇതിലുള്ള സെൻസറുകൾ വഴി ഉപയോഗിക്കുന്നയാളുടെ പൾസ് റേറ്റ് ആപ്പിലെത്തും. ഒരു ദിവസം എത്ര സമയം വ്യായാമം ചെയ്യുന്നു, വിശ്രമിക്കുന്നു, എത്ര പെട്ടെന്ന് ക്ഷീണിക്കുന്നു, ഉറങ്ങുന്നു, എത്രത്തോളം വിയർക്കുന്നു, ഹൃദയമിടിപ്പിന്റെ വേഗത, ശ്വാസോച്ഛ്വാസം എന്നിവയുൾപ്പെടെ ട്രാക്ക് ചെയ്യാനാവും. ഉത്കണ്ഠയും പിരിമുറുക്കവും ഏത് പ്രായക്കാരിലാണ് കൂടുതലെന്നും കണ്ടെത്താനാകും.
ജി.പി.എസിലൂടെയും ട്രാക്ക് ചെയ്യും
1.സ്മാർട്ട്‌വാച്ചുകളിൽ ജി.പി.എസ് ഉള്ളതിനാൽ ഉപയോഗിക്കുന്നയാൾ
എവിടെയുണ്ടെന്നതടക്കം അറിയാനാകും
2.രോഗങ്ങൾ വിലയിരുത്തി അത് തരണം ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരസ്യരൂപത്തിൽ സമൂഹമാദ്ധ്യമത്തിലൂടെ എത്തിക്കാനാവും
ശ്രദ്ധിക്കാൻ
ബ്രാൻഡഡ് സ്മാർട്ട് വാച്ചുകൾ മാത്രം ഉപയോഗിക്കുക
ഉപയോഗിക്കാത്തപ്പോൾ സ്വിച്ച് ഓഫ് ചെയ്യുക
വാങ്ങുമ്പോഴും ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും കമ്പനിയുടെ
നിബന്ധനകൾ വായിച്ചു മനസിലാക്കുക