ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവച്ചതുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിർമാണം തടസപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബിൽ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബ് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയിലുള്ള വിധിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഗവർണർ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവൻ മാത്രമാണെന്നും യഥാർത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിൽ ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയാണെങ്കിൽ അടുത്ത നടപടിയെന്താണെന്ന് വിശദീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് കോടതി കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.
ഗവർണർ സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെടാത്ത തലവനാണ്. നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ല. പാർലമെന്ററി ജനാധിപത്യത്തിൽ തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾക്കാണ് അധികാരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവർണറെന്നും സുപ്രീംകോടതി വ്യക്തമാക്കി.