കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടി തന്നെയാണ് ഇന്ന് രാവിലെ വീട്ടിലേക്ക് വിളിച്ചു താൻ തിരൂരിലുണ്ടെന്ന് അറിയിച്ചത്. മറ്റൊരു സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടി തങ്ങളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി സുരക്ഷതയാണെന്നും വിവരം ആർ പി എഫിനെ അറിയിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് കുട്ടിയെ കാണാതായത്.
അമ്മ വഴക്കു പറഞ്ഞ മനോവിഷമത്തിലാണ് കുട്ടി വീട് വിട്ടിറിങ്ങിയത്. കുട്ടിയുടെ സഹോദരൻ തിരൂരിലാണ് പഠിക്കുന്നത്. അവിടേക്ക് പോകാനായിരുന്നു കുട്ടിയുടെ ആലോചന എന്നാണ് നിഗമനം. അമ്മ തന്നെ വഴക്കു പറയുന്നതിനെ കുറിച്ച് കുട്ടി തന്റെ ഒരു സുഹൃത്തിനോട് ഫോണിൽ പറഞ്ഞിരുന്നു. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ കുടുംബം പോലീസിൽ പരാതി നൽകുകയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പടെ പരിശോധനയും നടത്തി വരികയായിരുന്നു. അതിനിടെയാണ് കുട്ടി തന്നെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്.