അന്യായമായി ഇറക്കുമതി തീരുവ ഈടാക്കുന്നു എന്ന ആരോപണം ഉയർത്തിക്കൊണ്ടു മറ്റു രാജ്യങ്ങൾക്ക് പകരചുങ്കം ചുമത്തി യുഎസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകര ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേല്‍ ‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ ആയാണ് 26 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് 34 ശതമാനം ഇറക്കുമതി തീരുവ ഈടാക്കും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് ബാധകമാവുക.

വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിലെ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചന ദിനമായി’ അറിയപ്പെടും. നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകര ചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നമ്മൾ ഇപ്പോൾ തിരിച്ച് ചെയ്യുന്നു. അത്രമാത്രമാണ് ഇപ്പോൾ നമ്മൾ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.