യു ഡി എഫ് ന്റെ മലയോര സമര യാത്രക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ഈ യാത്ര ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ കരുവഞ്ചാലിൽ നിന്നും ആരംഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ആണ് യാത്ര ഉദ്ഘടനം ചെയ്യുക. വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ സംരക്ഷിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് ഉടനടി പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. വനനിയമ ഭേദഗതി ബില്ലിൽ നിന്നും സർക്കാർ പിന്മാറിയത് ആരംഭത്തിനു മുന്നേയുള്ള യാത്രയുടെ വിജയമാണെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്.
രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി, കെ സുധാകരൻ എന്നീ മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ജനവാസ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ ക്രമാതീതമായി ഉയർന്നു വരുന്ന ഈ സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയത്തിലേക്കു സർക്കാരുകളുടെ കണ്ണുതുറപ്പിക്കുക എന്നതാണ് ഈ യാത്രയുടെ ലക്‌ഷ്യം. മലയോരമേഖലയിലെ മത – സാമുദായിക നേതാക്കളെയും യാത്രയിലേക്ക് അടുപ്പിക്കാനും സാന്നിധ്യം ഉറപ്പാക്കാനും യു ഡി എഫ് ശ്രമിക്കുന്നുണ്ട്.