രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിയമം (ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025) സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അതിഥി തൊഴിലാളികളെന്ന വ്യാജേന ബംഗ്ലദേശില്‍ നിന്നുള്ള അനവധി അനധികൃത കുടിയേറ്റക്കാർ കേരളത്തിലെത്തുന്നുണ്ട്. ലഹരിവ്യാപനത്തിന് പിന്നിൽ ഇത്തരക്കാരുടെ കൈകളുണ്ടെന്നും കണ്ടെത്തലുണ്ട്. സാധാരണക്കാരുടെ സ്വൈര്യജീവിതത്തിനും സുരക്ഷയ്ക്കും പുതിയ നിയമം നടപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ സമീപനം നിരാശാജനകമാണെന്ന് മുരളീധരന്‍ പറഞ്ഞു.

ആലുവയിൽ ബംഗ്ലാദേശികളെ പിടികൂടിയപ്പോൾ വി.ഡി സതീശന്റെ സുഹൃത്താണ് പ്രതിരോധം തീർത്തത്. ആ കേസില്‍ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് അറസ്റ്റിലായി. ലഹരിയും ഭീകരവാദവും തുടച്ചുമാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ ബില്ലെന്നും മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ കേരളത്തിന്‍റെ പോരാട്ടത്തെ സിപിഎമ്മും കോൺഗ്രസും ദുർബലമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.