മാരാമൺ കൺവെൻഷന്റെ ഭാഗമായി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യുവവേദി സമ്മേളനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കി. യുവജനസഖ്യത്തിലേ ഇടതുപക്ഷ അനുകൂല അംഗങ്ങളുടെ എതിർപ്പുകാരണമാണ് സതീശനെ ഒഴിവാക്കുന്നതെന്നാണ് അറിയുന്നത്. ഫെബ്രുവരി 15 നാണ് യുവവേദി പരുപാടി നടക്കുക. മാരാമൺ കൺവെൻഷനിൽ പൊതുവെ രാഷ്ട്രീയ നേതാക്കളെ അതിഥിയായി ക്ഷണിക്കാറില്ലാത്തതാണ്. മുൻപ് ശശി തരൂരിനെ സമ്മേളനത്തിൽ സംസാരിക്കുവാനായി ഇവർ ക്ഷണിച്ചിരുന്നു.
സാമുദായിക വേദികളിൽ കോൺഗ്രസ് നേതാക്കളെ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെ ഒരു രാഷ്ട്രീയ മാറ്റത്തിനുള്ള ആമുഖം എന്ന രീതിയിൽ കൂടെ കണ്ടു വന്നിരുന്നു. എൻ എസ് എസ്സിന്റെ സമ്മേളനത്തിൽ വർഷങ്ങൾക് ശേഷം രമേശ് ചെന്നിത്തല പങ്കെടുത്തതും ഇതേപോലെ രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുകയും സാമുദായിക ഭേദമന്യേ എല്ലാവരുമായും അടുപ്പം സൂക്ഷിക്കുന്നയാളും എന്ന നിലക്ക് കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി പരിഗണിക്കപ്പെടണം എന്ന വാദവും മുന്നോട്ട് വന്നിരുന്നു. സമാനമായ സ്ഥിതിയിലാണ് വി ഡി സതീശന് ലഭിച്ച ഈ ക്ഷണവും നോക്കികണ്ടത്.
ഫെബ്രുവരി ഒമ്പത് മുതൽ 16 വരെയാണ് കൺവെൻഷൻ നടക്കുക. മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരിക്കും കൺവെൻഷൻ.