കെപിസിസി പുനസംഘടനയ്ക്ക് മുന്നോടിയായി കോൺഗ്രസിൽ ഈഴവ പ്രാതിനിധ്യം കുറയുന്നുവെന്ന പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയത് പ്രസിഡൻറ് സ്ഥാനം ലക്ഷ്യം വയ്ക്കുന്ന കോൺഗ്രസ് എംപിയെന്ന് റിപ്പോർട്ട്. വെള്ളാപ്പള്ളിയുമായി അടുപ്പം സൂക്ഷിക്കുന്ന അതേ സമുദായാംഗവും മുൻ മന്ത്രിയും എംപിയുമായ നേതാവാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം.
ഈഴവ സമുദായത്തിൽ നിന്നൊരാൾ കെപിസിസി അധ്യക്ഷനായി വരണമെന്ന നിലപാടാണ് ഇപ്പോൾ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്ന വെള്ളാപ്പള്ളി പരസ്യമാക്കിയത്. അതേസമയം സമീപകാലത്തുതന്നെ മൂന്ന് പ്രധാനികളായ കെപിസിസി അധ്യക്ഷന്മാരെ ഈഴവ വിഭാഗത്തിൽ നിന്ന് സംഭാവന ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്നത് വെള്ളാപ്പള്ളി മറക്കുകയും ചെയ്തു.

മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഇപ്പോൾ കെ സുധാകരനും ഈഴവ പ്രാതിനിധ്യത്തിലൂടെ പ്രസിഡൻറ് പദവിയിലെത്തിയവരാണ്. എന്നാൽ അവർക്കുപോലും ഈ വിഭാഗത്തിൽ നിന്ന് പാർട്ടിക്കുവേണ്ടി കാര്യമായ സഹായം ലഭിച്ചതുമില്ല. ഈ നേതാക്കൾ കോൺഗ്രസിൻറെ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ സുപ്രധാന പദവികളിലിരുന്നപ്പോഴും ഈഴവ വിഭാഗത്തിൽ നിന്ന് അതിൻറെ പേരിൽ ഒരു അനുഭാവമോ പിന്തുണയോ കോൺഗ്രസിന് ലഭിച്ചതായി വെള്ളാപ്പള്ളി പോലും പറയില്ല.
മാത്രമല്ല, അവരുടെ കാലഘട്ടങ്ങളിൽ കോൺഗ്രസിനെ നിശിതമായി വിമർശിക്കാനും തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ സഹായിക്കാനും വെള്ളാപ്പള്ളി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. പുതിയ ഈഴവ വാദം കോൺഗ്രസിലെ പുതിയ പ്രസിഡൻറ് മോഹിയായ നേതാവിനുവേണ്ടിയുള്ളതാണെന്നത് പരസ്യമായ രഹസ്യമാണ്.
നിലവിൽ പല പേരുകളും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ചിലരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മുന്നണി വിപുലീകരണത്തിന് തടസമായേക്കാമെന്ന വാദവും ഉയർന്നു കഴിഞ്ഞു. കേരളകോൺഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കണമെന്ന ആഗ്രഹം മുന്നണി നേതൃത്വത്തിൽ പ്രകടമാണ്. അതുകൊണ്ട് തന്നെ അന്ന് അവരെ പുറത്താക്കാൻ മുൻകൈയ്യെടുത്ത ബെന്നി ബെഹനാൻ, കെ എം മാണിസാറിനെതിരായ വെളിപ്പെടുത്തലുകളിലെ അന്തർനാടകങ്ങളുടെ ഭാഗമായ അടൂർ പ്രകാശ് തുടങ്ങയവർ അദ്ധ്യക്ഷ സ്ഥാനത്തെത്തിയാൽ മുന്നണി വിപുലീകരണം തടസമാകുമെന്ന വാദവും നിലവിലുണ്ട്. പദവിയിലേക്ക് ഉന്നം വെയ്ക്കുന്ന ആന്റോ ആന്റണിക്ക് വേണ്ടത്ര പ്രവർത്തന മികവില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. ആന്റോയുടെ കാര്യത്തിൽ സാമുദായിക പരിഗണന മാത്രം നോക്കി ചെയ്യാനാവില്ലെന്നും പാർട്ടിയിലും മുന്നണിയിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ആരുമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആൻറോ ഡിസിസി അദ്ധ്യക്ഷനായിരുന്നപ്പോൾ കോട്ടയത്തും എംപി ആയിരിക്കുന്ന പത്തനംതിട്ടയിലും പാർട്ടിക്കുണ്ടായ അപചയ കാലഘട്ടം അദ്ദേഹത്തിന് തിരിച്ചടിയാണ്.
മുൻകാലങ്ങളിൽ ന്യൂനപക്ഷ വിരോധത്തിൻറെ പേരിൽ അന്നത്തെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രമുഖനെതിരെ അടുപ്പക്കാരനെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതിൻറെ ക്ഷീണം പാർട്ടിയെ ഒന്നാകെ നയിക്കുമ്പോൾ അദ്ദേഹത്തിന് പ്രതികൂലമാകുകയും ചെയ്യും.