ഇഎംഎസിനു ശേഷം കേരളത്തിൽനിന്നു ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്ന വലിയ ചോദ്യത്തിന്റെ ഉത്തരത്തിനായുള്ള കാത്തിരുപ്പിലാണ് കേരളം. ഉത്തരം മധുര നൽകുമെന്ന് പറയുമ്പോഴും പിണറായി വിജയന്റെ നിലപാട് ഏറെ നിർണായകമാണ്. ബേബി ജനറൽ സെക്രട്ടറിയായാൽ കേരളത്തിൽനിന്നു മറ്റൊരാൾക്കൂടി പിബിയിലേക്കു വന്നേക്കാം. അങ്ങനെ ഇത്തവണത്തെ സിപിഎം പാർട്ടി കോൺഗ്രസിനു നാളെ മധുരയിൽ കൊടിയുയരുമ്പോൾ, നിരവധി കൗതുകങ്ങളാണ് കാത്തിരിക്കുന്നത്

സിപിഎം പാർട്ടി കോൺഗ്രസിനു തിരശ്ശീല വീഴുന്നതിനു തലേന്ന് അതായത് ഏപ്രിൽ 5 നു ബേബി 72–ാം വയസ്സിലേക്കു കടക്കും. പാർട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും സീനിയറായ മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായെങ്കിലും ഡൽഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്. ഉന്നത നേതൃനിരയിൽ കേരള ഘടകം കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. ഉത്തരം നൽകേണ്ടത് മധുരയയാണ്. 2012 മുതൽ പിബിയിലുള്ള എം.എ.ബേബിക്കു പിറന്നാൾ സമ്മാനമായി അതു ലഭിക്കണമെങ്കിൽ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം.
എന്നാൽ പുതിയ ജനറൽ സെക്രട്ടറി ആരാകണം എന്നതിനെ സംബന്ധിച്ച് പിണറായി വിജയൻ പാർട്ടി ഫോറങ്ങളിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് നിർണായകവുമാണ്. സീതാറാം യെച്ചൂരിയുടെ പകരക്കാരനായി കേരളത്തിൽ നിന്നുള്ള എം.എ. ബേബി ജനറൽ സെക്രട്ടറി ആയേക്കുമെന്ന പ്രചരണം ശക്തമായ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകുന്നത്.
പാർട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടെങ്കിലും പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിൽ കേരള ഘടകത്തിൻ്റെ നിലപാട് പറയുക പിണറായി വിജയനായിരിക്കും. വിരുദ്ധ അഭിപ്രായം ഉണ്ടായാൽ പോലും അത് പിണറായിക്ക് മുന്നിൽ പറയാനോ തിരുത്താനോ ഉള്ള ധൈര്യം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊ, മുതിർന്ന പിബി അംഗങ്ങളായ എം.എ. ബേബിക്കോ വിജയരാഘവനോ ഇല്ല.
പ്രായപരിധി പിന്നിട്ട പിണറായി അടക്കമുള്ള ഏഴ് അംഗങ്ങൾ കഴിഞ്ഞാൽ സിപിഎം പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും സീനിയർ നേതാവ് എം.എ. ബേബിയാണ്. ബേബിയെ ജനറൽ സെക്രട്ടറിയാക്കി തീർക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ അതിനെ
ചെറുക്കാൻ മറ്റ് സംസ്ഥാന ഘടകങ്ങൾക്ക് ശക്തിയില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ഘടകമായ കേരളത്തിന് 175 പ്രതിനിധികളുടെ പിൻബലവുമുണ്ട്. 34 വർഷത്തെ ഭരണത്തിന് ശേഷം അധികാര ഭ്രഷ്ടരായാതോടെ ബംഗാൾ ഘടകത്തിന്റെ ശക്തി ചോർന്നു.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചാൽ എം.എ.ബേബിക്ക് ഉറപ്പായും സിപിഎം ജനറൽ സെക്രട്ടറി ആകാനാവും. എന്നാൽ തന്നേക്കാൾ വലിയൊരു നേതാവും സംഘടനാ അധികാര കേന്ദ്രവും കേരളത്തിൽ നിന്ന് വേണ്ടതില്ല എന്ന് പിണറായി വിചാരിച്ചാൽ ബേബിയുടെ ജനറൽ സെക്രട്ടറി മോഹം പൊലിയും. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ ജനറൽ സെക്രട്ടറി ആക്കുന്നതിനോടാണ് പിണറായി വിജയന് താൽപര്യമെന്നും സൂചന ഉണ്ട്.
കേരളത്തിൽ നിന്ന് മറ്റൊരു നേതാവ് വേണ്ടന്ന തീരുമാനമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. എന്നാൽ പിബി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന് ബേബി ജനറൽ സെക്രട്ടറിയാകുന്നതിനോട് താൽപര്യമാണ്. എന്നാൽ കേരളത്തിൽ നിന്നുളള ജനറൽ സെക്രട്ടറിയാകാനുളള നല്ല അവസരമാണ് ഇപ്പോൾ സംജാതമായിട്ടുളളത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം സംസ്ഥാനത്ത് നിന്ന് ആരും പാർട്ടി ജനറൽ സെക്രട്ടറി പദവിയിൽ എത്തിയിട്ടില്ല.
പ്രകാശ് കാരാട്ട് ജന്മംകൊണ്ട് മലയാളിയാണ് എങ്കിലും കേരളത്തിൽ ജീവിച്ച് വളർന്ന് പാർട്ടിയുടെ തലപ്പത്ത് എത്തിയ നേതാവല്ല. സംസ്ഥാനത്ത് നിന്ന് നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇപ്പോഴുളളത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരാണ് പിബിയിലെ കേരള നേതാക്കൾ.

പിണറായി വിജയൻ കഴിഞ്ഞാൽ പൊളിറ്റ് ബ്യൂറോയിൽ സീനിയർ എം.എ.ബേബിയാണ്. പ്രായം കൊണ്ടും ദേശിയ സെന്ററിലെ പ്രവർത്തന പരിചയം കൊണ്ടും ബേബിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ യോഗ്യൻ.പ്രായപരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതിനെ കേരള ഘടകം അനുകൂലിച്ചാൽ ബേബിയുടെ സാധ്യതകൾ അതോടെ അടയും.
ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനോട് മുഖ്യമന്ത്രിക്കുളള താൽപര്യം അനുസരിച്ചാകും ബേബിയുടെ ഭാവി. സീതാറാം യെച്ചൂരിയുടെ അകാല നിര്യാണത്തോടെയാണ് പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ സി.പി.എം നിർബന്ധിതമായത്. ജനറൽ സെക്രട്ടറി പദവിയിലിക്കുന്ന നേതാവ് മരണപ്പെടുന്ന സാഹചര്യം സി.പി.എമ്മിൽ മുൻപ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഏത് കീഴ്വഴക്കം പാലിക്കണമെന്നതിൽ പാർട്ടിക്ക് മുന്നിൽ മാതൃകകളില്ല.
അതുകൊണ്ടാണ് പുതിയ ജനറൽ സെക്രട്ടറിയ തിരഞ്ഞെടുക്കുന്നതിന് പകരം പിബി കോ-ഓർഡിനേറ്ററെ നിയമിച്ച് മുന്നോട്ട് പോയത്. പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനറൽ സെക്രട്ടറിയെ അവിടെ തിരഞ്ഞെടുക്കാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. ഏപ്രിൽ രണ്ട് മുതൽ 6 വരെ മധുരയിലാണ് സി.പി.എമ്മിൻെറ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്.
എന്നാൽ ബേബി ജനറൽ സെക്രട്ടറിയായാൽ കേരളത്തിൽനിന്നു മറ്റൊരാൾക്കൂടി പിബിയിലേക്കു വന്നേക്കാം എന്ന വാർത്തകൾ കൂടി വ്യപിക്കുന്നുണ്ട്. ഇ.പി.ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവർ 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിവാകും. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെത്തുടർന്നുള്ള ഒഴിവു നികത്തിയിട്ടില്ല. അപ്പോൾ കേരളത്തിൽനിന്ന് 3 പേർ പുതുതായി കേന്ദ്രകമ്മിറ്റിയിൽ വരും. എൽഡിഎഫ് കൺവീനറായതിനാൽ ടി.പി.രാമകൃഷ്ണനും സാധ്യതയുണ്ട്. അദ്ദേഹവും 75 വയസ്സിന് അടുത്തെത്തി.
സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള മന്ത്രിമാരിൽ പി.എ.മുഹമ്മദ് റിയാസും വി.എൻ.വാസവനും പരിഗണിക്കപ്പെട്ടേക്കാം. ഇരുവരും കഴിഞ്ഞ എറണാകുളം സമ്മേളനത്തിലാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായത്. മന്ത്രി എം.ബി.രാജേഷിന്റെയും പി.ജയരാജന്റെയും പേരുകൾ ചർച്ചകളിലുണ്ടെങ്കിലും സാധാരണഗതിയിൽ സെക്രട്ടേറിയറ്റിൽ വന്ന ശേഷമാണു പുരുഷ നേതാക്കളെ കേന്ദ്രകമ്മിറ്റിയിലേക്കു പരിഗണിക്കാറുള്ളത്. എന്നാൽ, വനിതാ നേതാക്കളെ നേരെ കേന്ദ്രകമ്മിറ്റിയിലേക്കു പരിഗണിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ശ്രീമതിക്കു പകരം ജെ.മേഴ്സിക്കുട്ടിയമ്മയോ ടി.എൻ.സീമയോ കേന്ദ്ര കമ്മിറ്റിയിലേക്കു വരാനാണു സാധ്യത.