ബെംഗളൂരു: കർണാടക ബിജെപി നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം … കർണാടകയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവിൽ വലിയ അഴിമതി നടത്തിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പരസ്യം ആരോപിച്ചിരുന്നു.
2023 മെയ്5 ന് സംസ്ഥാനത്തിലെ പ്രധാന പത്രങ്ങളിൽ നൽകിയ പരസ്യം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നാരോപിച്ച് 2023 ജൂണിലാണ് ബിജെപി പരാതി നൽകിയത്. ‘അഴിമതി നിരക്ക് കാർഡ്’ എന്ന തലക്കെട്ടിലുള്ള പരസ്യങ്ങൾ ബിജെപിയുടെ ബസവരാജ് ബൊമ്മൈ സർക്കാർ ’40 ശതമാനം കമ്മീഷൻ സർക്കാർ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
കർണാടക കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയുമാണ് പരസ്യം നൽകാൻ നേതൃത്വം നൽകിയതെന്നും ഈ പരസ്യങ്ങൾ എക്സിലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചതായും കർണാടക ബിജെപി പരാതിയിൽ ആരോപിച്ചിരുന്നു.
കേസിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും ജൂൺ ഒന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് രാഹുലിനോട് ഹാജരാകാൻ ജഡ്ജി കെ.എൻ ശിവകുമാർ ഉത്തരവിടുകയായിരുന്നു. ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും രാഹുലിന് ആവർത്തിച്ചുള്ള ഇളവുകൾ നൽകുന്നതിനെ വാദി ഭാഗം എതിർക്കുകയായിരുന്നു.
കോടതിയിൽ ഹാജരായതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് പ്രതിനിധികളുമായി രാഹുൽ കൂടികാഴ്ച്ച നടത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.