കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി. പഠിച്ച് പറയാം എന്നൊന്നും പറയാതെ ഈ ആരോപണങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി അമ്മ നടത്തേണ്ടതാണെന്ന് ഉര്‍വശി പ്രതികരിച്ചു. സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നെങ്കിലും പുരുഷന്മാരെയും ബാധിക്കുന്നതാണെന്ന് മാധ്യമങ്ങളോട് ഉര്‍വശി പറഞ്ഞു.
വര്‍ഷങ്ങളായി സിനിമയാണ് തന്‍റെയടക്കം ഉപജീവനം. അത്തരം ഒരു മേഖലയില്‍ ഇത്തരം ചില പുരുഷന്മാര്‍ക്കിടയിലാണ് ജീവിക്കുന്നത് എന്നത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ്. അങ്ങനെയല്ല സിനിമ, അങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ സ്ത്രീയും പുരുഷനും കൈകോര്‍ത്താണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. എന്നാല്‍ എല്ലാ മേഖലകളിലും ഉള്ളപോലെ ചില മോശം പ്രവണതകള്‍ ഇവിടെയുണ്ട്.
പക്ഷെ അതിനെതിരെ അമ്മ സംഘടന ഒരു നിലപാട് എടുക്കണം. സര്‍ക്കാരും എടുക്കണം. ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധ്യം ഉണ്ടാകാതിരുന്നതിനാല്‍ ഇത്തരം ഒരു സംഭവത്തിനെതിരെ ഞാന്‍ പ്രതികരിക്കില്ലെന്ന് പറയുന്നത് ശരിയല്ല. മലയാള സിനിമയെക്കുറിച്ച് ഒരു അന്യഭാഷ നടി പറയുക എന്നത് മോശമാണ്. അവര്‍ എന്തായിരിക്കും അവരുടെ നാട്ടില്‍ പോയി പറഞ്ഞിരിക്കുക.
ഇത് ഗൗരവമേറിയ സംഭവമാണ്. സംഘടന ഇതിനായി ഇറങ്ങണം. പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന അവസ്ഥായാണ് ഇനിയുണ്ടാകുക. അമ്മയിലെ ആയുഷ്കാല മെമ്പര്‍ എന്ന നിലയില്‍ സംഘടന ഇടപെടണം. ഇന്നലെ സിദ്ദിഖ് സംസാരിച്ചത് കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയില്‍ അങ്ങനെയെ അദ്ദേഹത്തിന് പറയാന്‍ സാധിക്കൂ. എന്നാല്‍ അതിന് അപ്പുറം നിലപാട് വേണം.
ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാൻ ആണെങ്കിൽ അവർക്ക് ഈ കാര്യങ്ങൾ ഒരു പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ പോരെ. ഇത് അങ്ങനെയല്ല കൊടുത്തിരിക്കുന്നത്. ആ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം ഉര്‍വശി പ്രതികരിച്ചു.