ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫയും പരിസരത്തെ കെട്ടിടങ്ങളും തകർത്തുതരിപ്പണമാക്കി ഇസ്രായേൽ സേനയുടെ പിന്മാറ്റം. കവചിത വാഹനങ്ങളുടെ അകമ്പടിയിൽ രണ്ടാഴ്ച നീണ്ട സൈനിക താണ്ഡവം അവസാനിപ്പിച്ചാണ് ഞായറാഴ്ച പിന്മാറിയത്. ആശുപത്രിയിൽ ചികിത്സ മുടക്കിയതിനെതുടർന്ന് നിരവധി രോഗികൾ മരിച്ചിരുന്നു. കൂട്ടിരിപ്പുകാരായും അഭയാർഥികളായും അകത്തുണ്ടായിരുന്ന 200ലേറെ പേരെ കൊല്ലപ്പെടുത്തിയ സൈന്യം നൂറുകണക്കിന് പേരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. പരിസരമൊന്നാകെ നാമാവശേഷമാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിടങ്ങൾക്ക് തീയിടുകയും ബോംബിട്ട് കോൺക്രീറ്റ് കൂനകളാക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ഇപ്പോഴും മൃതദേഹങ്ങൾ കൂടിക്കിടക്കുകയാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ പലയിടങ്ങളിലായി അനാഥമായി കിടക്കുകയാണെന്ന് ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.