മൂവാറ്റുപുഴ: വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി. നഗരത്തിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിക്കുന്ന പായിപ്ര പഞ്ചായത്തിലെ ആട്ടായം മുതൽ മുളവൂർ പി.ഒ ജങ്ഷൻ വരെയുള്ള 3.5 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പൂർത്തിയായത്.
കഴിഞ്ഞ സർക്കാറിന്റ കാലത്ത് എം.എൽ.എയായിരുന്ന എൽദോ എബ്രഹാമിന്റെ ഇടപെടലിനെ തുടർന്ന് 2020 നവംബര്‍ നാലിന് റീബില്‍ഡ് കേരളം പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് 3.5 കോടി രൂപ അനുവദിച്ചത്. ബി.എം.ബി.സി നിലവാരത്തിൽ നിർമിക്കാനാണ് തുക അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായങ്കിലും അജ്ഞാത കാരണങ്ങളാൽ തുടർ നടപടികൾ ഉണ്ടായില്ല.
ഇതിനിടെ റോഡ് നിർമാണം മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. എന്നാൽ, റോഡിന്റെ പായിപ്ര പഞ്ചായത്തിലെ തുടക്ക സ്ഥലമായ മുളവൂർ പി .ഒ ജങ്ഷനിൽ നിന്നുമാണ് എസ്റ്റിമേറ്റ് അടക്കം തയാറാക്കിയത്. മുളവൂരിൽ നിന്നാണ് നിർമാണം ആരംഭിച്ചതും. പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിൽ പണി ആരംഭിച്ചെങ്കിലും ഇടക്ക് വെച്ച് നിർമാണം നിർത്തിവച്ചതും പ്രശ്നം സൃഷ്ടിച്ചു. പൊടിശല്യമാണ് കാരണമായത്.
വർഷങ്ങൾ കാത്തിരുന്നെങ്കിലും ഉന്നത നിലവാരത്തിൽ റോഡു നിർമാണം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ആട്ടായം മുതൽ കീച്ചേരിപ്പടി വരെ വരുന്ന അഞ്ച് കിലോമീറ്റർ ബി. ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ കഴിഞ്ഞ ബജറ്റിൽ അഞ്ച് കോടി അനുവദിച്ചിട്ടുണ്ടന്ന് എം.എൽ.എ പ്രഖ്യാപിച്ചങ്കിലും തുടർ നടപടിയായില്ല.