അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഒന്നാം ദിനം പിന്നിടുമ്പോൾ 215 പോയിന്റുമായി കണ്ണൂർ ഒന്നാമത്. 214 പോയിന്റുമായി തൃശ്ശൂരും 213 പോയിന്റുമായി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 111 പോയിന്റോടെ തൃശൂർ ഒന്നാം സ്ഥാനത്തും 109 പോയിന്റോടെ കോഴിക്കോടും 107 പോയിന്റോടെ കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹയർ സെക്കന്ററി ജനറൽ വിഭാഗത്തിൽ 108 പോയിന്റോടെ കണ്ണൂർ ഒന്നാമതും 106 പോയിന്റോടെ തിരുവനന്തപുരവും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യദിനം ആകെയുള്ള 249 ഇനം മത്സരങ്ങളിൽ 58 ഇനം മത്സരങ്ങളാണ് പൂർത്തിയായത്.
ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍ അരങ്ങേറി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്. ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്.കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു.
ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
63rd Kerala State School Arts Fest| Thiruvananthapuram| Kerala|