കൊച്ചി: ആലുവ ഗുണ്ടാ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് .. ഒരു ബൈക്കിലും കാറിലുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. ദിവസങ്ങൾക്ക് മുൻപ് ഒരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ തുടർച്ചയായി ആയിരുന്നു ആക്രമണം. ആയുധങ്ങളുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ സിസിടി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വരുന്നതും മുന്നോട്ട് പോയ കാർ തിരികെ വരുന്നതും അതിൽ നിന്നും ആയുധങ്ങളുമായി സംഘം ഇറങ്ങുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം.
കൃത്യത്തിൽ നേരിട്ട് പങ്കുളള സിറാജ്, സനീർ, ഫൈസൽ എന്നിവരും ഗൂഢാലോചനയിൽ പങ്കുളള കബിറുമാണ് പൊലീസ് കസ്റ്റഡിയിലുളളത്.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സിറാജിനെ കാക്കനാട് നിന്നും സനീറിനെ അരൂർ നിന്നും ഫൈസൽ ബാബുവിനെ തൃശൂർ നിന്നുമാണ് പിടികൂടിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കബീറും കസ്റ്റഡിയിലുണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കാറിലെത്തിയ ആറംഗ സംഘം ചുറ്റികയും വാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ പി സുലൈമാന് ഗുരുതര പരുക്കേറ്റു. സുലൈമാനോടൊപ്പം ഉണ്ടായാരുന്ന മറ്റ് നാല് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഗുരുതരമായി പരുക്കേറ്റ മുൻ പഞ്ചായത്ത് അംഗം പി സുലൈമാൻ വെന്‍റിലേറ്ററിൽ തുടരുകയാണ്. പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് ചില വാക്കു തർക്കവും പൊലീസ് കേസുമുണ്ടായിരുന്നു.ഇതിന്റെ പ്രശ്ന പരിഹാരത്തിന് ഇടപെട്ടവരാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട സുലൈമാനടക്കം. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് ആലുവ ഡിവൈഎസ്പി വ്യക്തമാക്കുന്നത്.